മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ബിഗ് ബജറ്റ് ബോളിവുഡ് സിനിമ ബാജിറാവ് മസ്താനിയുടെ പ്രദര്‍ശനം പൂനെയില്‍ റദ്ദാക്കി. ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പ്രദര്‍ശനം റദ്ദാക്കിയത്.
സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. കൂടാതെ, പെഷ് വ, ഛത്രസാല്‍ രാജവംശത്തിലെ പിന്തുടര്ച്ചക്കാര് സിനിമയുടെ പ്രചാരണ ദൃശ്യങ്ങള്‍ക്കും ഗാനങ്ങള്‍ക്കും എതിരെ പ്രതിഷേധിച്ചിരുന്നു. ഇന്നായിരുന്നു സിനിമയുടെ ഇന്ത്യയിലെ റിലീസ്.
മറാത്ത പോരാളി ബാജിറാവ് പെഷ് വയുടെയും രണ്ടാം ഭാര്യ മസ്താനിയുടെയും കഥ പറയുന്ന ചിത്രമാണ് ബാജിറാവ് മസ്താനി. ബാജിറാവ് ആയി രണ്‍വീര്‍ സിങ്ങും മസ്താനിയായി ദീപിക പദുകോണും ബാജിറാവിന്റെ ആദ്യ ഭാര്യ കാശിബായിയായി പ്രിയങ്ക ചോപ്രയുമാണ് വെള്ളിത്തിരയില്‍ എത്തുന്നത്.
Discussion about this post