ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ ശക്തമാകുന്നു. യുദ്ധത്തിന്റെ മൂന്നാം ദിവസം ആകുമ്പോൾ ഇരുഭാഗത്തുമായി 1,200 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ഹമാസിനൊപ്പം ഹിസ്ബുല്ലയടക്കമുള്ള മറ്റ് ഭീകരസംഘടനകൾ കൂടി ചേർന്നതോടെ യുദ്ധമേഖലയിൽ അമേരിക്ക സൈനിക നീക്കങ്ങൾ ആരംഭിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനികനീക്കം ആരംഭിച്ചത്.
യു എസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർദ്ധിപ്പിക്കും.
അതേസമയം ഗാസയിൽ രക്തച്ചൊരിച്ചിൽ തുടരുകയാണ്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ സെൻട്രൽ ഗാസ സിറ്റിയിലെ ജനവാസമേഖലയിലെ ബഹുനില കെട്ടിടങ്ങൾ വ്യോമാക്രമണങ്ങളിൽ നിലംപൊത്തി. 800 ഓളം ഹമാസ് മേഖലകളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹമാസ് രഹസ്യാന്വേഷണ തലവന്റെ വീട് തകർത്തു. ഹമാസിന്റെ 426 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ അറിയിച്ചു.
Discussion about this post