ഹരീസ് എന്നും ഹരീസ എന്നുമെല്ലാം അറിയപ്പെടുന്ന പരമ്പരാഗത അറേബ്യൻ വിഭവം ഇന്ന് കേരളത്തിലും ഏറെ പ്രശസ്തമാണ്. അറേബ്യൻ രാജ്യങ്ങളിൽ ഇഫ്താർ വിരുന്നുകളിലും ഈദ് ദിനത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഹരീസ്. അപ്പോൾ ഇത്തവണ നമുക്കും ഈദ് ദിനത്തിൽ ഒരു പരമ്പരാഗത ശൈലിയിലുള്ള ഹരീസ് തയ്യാറാക്കി നോക്കാം. ലെബനൻ, അർമേനിയ എന്നീ രാജ്യങ്ങളിൽ ഒരു ദേശീയ വിഭവമായി തന്നെ കണക്കാക്കുന്ന ലെബനീസ് മട്ടൻ ഹരീസ ആവട്ടെ നമ്മുടെ ഇത്തവണത്തെ ഈദ് ആഘോഷത്തിന്റെ സ്പെഷ്യൽ വിഭവം.
ലെബനീസ് ഹരീസ സാധാരണഗതിയിൽ ആട്ടിറച്ചി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളതെങ്കിലും വേണമെങ്കിൽ ചിക്കൻ ഉപയോഗിച്ചും ഇത് തയ്യാറാക്കാവുന്നതാണ്. ഹരീസ് തയ്യാറാക്കാനായി ആവശ്യമായ ചേരുവകൾ ഇവയാണ്,
മട്ടൻ 500 ഗ്രാം
നുറുക്ക് ഗോതമ്പ് രണ്ട് കപ്പ്
ഏലയ്ക്ക 3
ഗ്രാമ്പൂ 4
വഴനയില 2
കറുവപ്പട്ട 2 ചെറിയ കഷ്ണം
ജാതിപത്രി 1
കുരുമുളക് പൊടി ഒരു ചെറിയ സ്പൂൺ
പച്ചമുളക് അരച്ചത് ഒരു ചെറിയ സ്പൂൺ
വെണ്ണ / നെയ്യ് മൂന്നു വലിയ സ്പൂൺ
പരമ്പരാഗത ശൈലിയിലുള്ള ലെബനീസ് മട്ടൻ ഹരീസ തയ്യാറാക്കാനായി നുറുക്ക് ഗോതമ്പ് തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്തിടേണ്ടതാണ്. കുറഞ്ഞത് ആറുമണിക്കൂർ എങ്കിലും കുതിർത്ത ശേഷം വേണം നുറുക്ക് ഗോതമ്പ് കൊണ്ട് ഹരീസ് തയ്യാറാക്കാൻ. കഷ്ണങ്ങളാക്കിയ ആട്ടിറച്ചിയിൽ ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയില, ജാതിപത്രി എന്നിവ ഒരു കിഴിയിൽ നന്നായി മുറുക്കി കെട്ടിയ ശേഷം ഇട്ട് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക. മസാലയുടെ സത്ത് മാത്രം വിഭവത്തിലേക്ക് ഇറങ്ങാൻ വേണ്ടിയാണ് ഇങ്ങനെ കിഴികെട്ടിയിടുന്നത്. വെന്ത ശേഷം ഇറച്ചി കഷ്ണങ്ങൾ മാറ്റിവെച്ച് ഇറച്ചി വെന്ത വെള്ളത്തിൽ കുതിർത്തുവെച്ച നുറുക്ക് ഗോതമ്പ് പച്ചമുളക്, കുരുമുളക് ഒരു സ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കണം. വേവിച്ച നുറുക്ക് ഗോതമ്പ് നന്നായി ഉടച്ചെടുക്കുകയോ മിക്സിയിൽ ഒന്ന് കറക്കി ചെറിയ പേസ്റ്റ് പരുവത്തിൽ എടുക്കുകയോ ചെയ്യുക. തുടർന്ന് മാറ്റിവെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ ചെറുതാക്കി പിച്ചികീറിയ ശേഷം ഈ ഗോതമ്പ് ഉടച്ചതിലേക്ക് ചേർക്കുക. നന്നായി ഇളക്കിയശേഷം ബാക്കി വെണ്ണയോ നെയ്യോ ചേർത്ത് ഇളക്കി ഉപയോഗിക്കാവുന്നതാണ്.
Discussion about this post