ആലപ്പുഴ: ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെതിരായ ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും. ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.
ചോദ്യം ചെയ്യലിനായി ഈ മാസം ഒൻപതിന് ഹാജരാകാൻ ആണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന്റെ പരാതിയിൽ പുന്നപ്ര പോലീസ് ആണ് അന്വേഷണം നടത്തുന്നത്. തന്നെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ പോലീസിൽ പരാതി നൽകിയത്.
തന്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപ ശോഭാ സുരേന്ദ്രൻ തട്ടിയെടുത്തു എന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ ആരോപണം. കഴിഞ്ഞ മാസം 25 ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു നന്ദകുമാർ ആരോപണം ഉന്നയിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയെന്നോണമാണ് ശോഭാ സുരേന്ദ്രന് പണം നൽകിയത്.
പിന്നീട് രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന് ആയിരുന്നു നന്ദകുമാർ ആരോപിച്ചിരുന്നത്. വാർത്താസമ്മേളനത്തിന് പിന്നാലെ തന്നെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
Discussion about this post