ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനായി ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രധാരണം ഇത്തവണയും ശ്രദ്ധാകേന്ദ്രമായി. വ്യത്യസ്ത പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അണിയുന്ന തലപ്പാവും ഏറെ ചർച്ചകൾക്ക് കാരണമാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ മനോഹരമായ തലപ്പാവണിഞ്ഞാണ് മോദി എത്തിയത്.
ഓറഞ്ചും പച്ചയും ഇടകലർന്ന രാജസ്ഥാനി ലഹരിയ പ്രിന്റ് തലപ്പാവാണ് മോദി അണിഞ്ഞത്. വെള്ളകുർത്തയും പൈജാമയും നീല ജാക്കറ്റുമായിരുന്നു മോദിയുടെ വസ്ത്രം. രാജസ്ഥാനിൽ നിന്നുള്ള ഒരു പരമ്പരാഗത ടെക്സ്റ്റൈൽ ടൈ ഡൈയാണ് ലെഹേറിയ. പടിഞ്ഞാറൻ രാജസ്ഥാനിലെ മരുഭൂമിയിലെ മണലിലൂടെ വീശുന്ന കാറ്റിൽ നിന്ന് രൂപപ്പെട്ട പ്രകൃതിദത്ത തരംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹേറിയ ഡിസൈനുകൾ തയാറാക്കിയിരിക്കുന്നത്. താർ മരുഭൂമിയിൽ ഉടനീളം കാണപ്പെടുന്ന പ്രകൃതിദത്തമായ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹേറിയ ഡിസൈൻ തയാറാക്കിയിരിക്കുന്നത്.
എല്ലാവർഷവും ഇന്ത്യയുടെ പാരമ്പര്യത്തനിമയും സംസ്കാരവും ഒത്തിണങ്ങുന്ന രീതിയിലുള്ള ശിരോവസ്ത്രങ്ങളാണ് മോദി ധരിക്കാറുള്ളത്.കഴിഞ്ഞ വർഷം ബന്ധാനി പ്രിന്റ് തലപ്പാവാണ് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലെ പ്രസംഗത്തിന് എത്തുമ്പോൾ മോദി ധരിച്ചിരുന്നത്. നീളമുള്ള വാലുള്ള മഞ്ഞയും പച്ചയും ചുവപ്പും കലർന്ന തലപ്പാവായിരുന്നു. ഓഫ് – വൈറ്റ് കുർത്തയുമായിരുന്നു വേഷം
വെള്ള, കാവി, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവുകൾ അണിഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ വർഷങ്ങളിൽ സ്വതന്ത്രദിന ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.
Discussion about this post