നമ്മുടെ നാട്ടിൽ സമൃദ്ധമായി കാണപ്പെടുന്ന ഫലമാണ് പപ്പായ. കറമൂസ,കപ്ലങ്ങ,ഓമക്ക എന്നിങ്ങനെ കേരളത്തിന്റെ പലഭാഗത്തും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. പച്ചയ്ക്ക് കറിവെച്ചും തോരൻ വച്ചും പഴുത്താൽ ജ്യൂസടിച്ചും ജാമായും എല്ലാം പപ്പായ ഉപയോഗിക്കുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് ഇവയ്ക്ക്. സൗന്ദര്യ വർധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പണ്ട് മുതൽ മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ.
വിറ്റാമിൻ സിയാണ് പപ്പായയിൽ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിൻ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, എന്നീ ധാതുക്കളും ധാരാളം മിനറൽസും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നൽകുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചർമ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്ളാവിൻ, അസ്കോർബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തിൽ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും പിന്തള്ളും. ജീവകങ്ങൾ, ധാധുലവണങ്ങൾ എന്നിവയാൽ സമ്പന്നമാണ് പപ്പായ
പച്ചപപ്പായ നമുക്ക് ഏറെ ഗുണം നൽകുന്നുണ്ട്. പച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും ഇതിൽ കുറവാണ്.
പച്ച പപ്പായയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളോടൊപ്പം, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കൊളാജൻ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പച്ച പപ്പായ സാലഡ് കഴിക്കുന്നതും ആവിയിൽ വേവിച്ച് കഴിക്കുന്നതും ചർമ്മത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
പപ്പായയിലെ പപ്പെയ്ൻ, ചിമോപാപൈൻ എന്നീ രണ്ട് എൻസൈമുകൾ ആരോഗ്യത്തിന് നല്ലതാണ്. ഇവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
പപ്പായ ഇലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിവിധ ഫ്ലേവനോയ്ഡുകൾ എന്നീ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സന്ധി വേദന, പേശി വേദന എന്നിവയാൽ ബുദ്ധിമുട്ടുന്നവർ പപ്പായ ഇല വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്. പപ്പായയുടെ ഇലകളിലെ വിറ്റാമിനുകളും കാൽസ്യം, ഇരുമ്പ്, സിങ്ക് എന്നീ ധാതുക്കളും തലയോട്ടിക്ക് പോഷണം നൽകുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേർത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും.കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് മുഖക്കുരു മാറ്റാൻ സഹായിക്കും.മുടി കൊഴിച്ചിൽ തടയാനും പപ്പായ നല്ലതാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളർച്ചയെ വേഗത്തിലാക്കും.
Discussion about this post