ഇടുക്കി: ഇരട്ടയാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസം പ്രദേശവാസിയാണ് കടുവയെ കണ്ടത്. ഇതോടെ കടുവയെ പിടികൂടാൻ കൂടുകൾ വയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ചയാണ് ഇവിടെ കടുവയുടെ സാന്നിദ്ധ്യം കണ്ടത്. ഇതേ തുടർന്ന് അതീവ ഭയത്തിലാണ് പ്രദേശവാസികൾ കഴിയുന്നത്. ഇതിനിടെയാണ് ഭീതി ഇരട്ടിയാക്കി വീണ്ടും ജനവാസ മേഖലയിലേക്ക് കടുവ എത്തിയിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ചെമ്പകപ്പാറ സ്വദേശി ജോഷിയാണ് കടുവയെ കണ്ടത്.
ഓട്ടോറിക്ഷയിൽ വരുന്നതിനിടെ കടുവ അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് നടന്ന് നീങ്ങുന്നതാണ് ജോഷി കണ്ടത്. ഉടനെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല.
ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല,അടയാളക്കല്ല് മേഖലയിലാണ് കടുവയുടെ സാന്നിദ്ധ്യമുള്ളത്. ഇവിടെ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെങ്കിലും ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം വാത്തിക്കുടിയിൽ കണ്ടത് കടുവയല്ലെന്നാണ് കണ്ടെത്തൽ. പുലി വർഗ്ഗത്തിൽപ്പെട്ട മറ്റേതോ വന്യജീവിയാണ്. ഇവിടെ കൂട് സ്ഥാപിച്ച് ഈ ജീവിയെ പിടികൂടാനാണ് തീരുമാനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പും അറിയിച്ചിട്ടുണ്ട്.












