ഛണ്ഡീഗഡ്: പഞ്ചാബിൽ കൈക്കൂലി കേസിൽ ആംആദ്മി എംഎൽഎ അറസ്റ്റിൽ. ബൈത്തണ്ട റൂറൽ എംഎൽഎ അമിത് രത്തൻ ആണ് അറസ്റ്റിലായത്. ബൈത്തണ്ട സിവിൽ ലൈൻ പോലീസ് സ്‌റ്റേഷനിൽ എംഎൽഎയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഈ മാസം 17 ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അമിതിന്റെ പിഎ റഷിം ഗാർഗിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ അമിത് കുറ്റക്കാരാണെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഗ്രാമമുഖ്യന്റെ പക്കൽ നിന്നും 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അമിതിനെതിരായ പരാതി.
സർപഞ്ചിന്റെ ഭാര്യയാണ് എംഎൽഎയ്ക്കായി പിഎ 4 ലക്ഷം ആവശ്യപ്പെട്ടതായി കാണിച്ച് വിജിലൻസിന് പരാതി നൽകിയത്. ഇതിന് പിന്നാലെ സർപഞ്ചിന്റെ വീടും പരിസരവും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പണം വാങ്ങാനായി റഷീം ഗാർഗ് എത്തി. തുടർന്ന് കയ്യോടെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അമിതിനെ ബൈത്തണ്ട സിവിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post