ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസമാണ് ടിം കുക്ക് ഇന്ത്യയിലെത്തിയത്. ടിം കുക്കുമായി കൂടിക്കാഴ്ച നടത്താനായതിൽ
അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന സാങ്കേതിക പരിവർത്തനത്തെക്കുറിച്ചും മറ്റ് വൈവിദ്ധ്യങ്ങളായ വിഷയങ്ങൾ സംബന്ധിച്ചുമുളള വീക്ഷണങ്ങൾ ഇരുവരും പങ്കുവെച്ചതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ടിം കുക്കും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രിക്ക് നന്ദി എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും വളർച്ച നേടുന്നതിനും ആപ്പിൾ പ്രതിജ്ഞാബദ്ധമാണെന്നും ടിം കുക്ക് കുറിച്ചു. വിദ്യാഭ്യാസം മുതൽ നിർമാണ മേഖലയിലും പരിസ്ഥിതിയിലും ഉൾപ്പെടെ ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതിക വിദ്യയ്ക്ക് ഏറെ പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കാനാകുമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണം പങ്കുവെയ്ക്കുന്നതായും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിലാണ് ആപ്പിൾ ആദ്യ സ്‌റ്റോർ തുറന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബാഡ്മിന്റൺ പരിശീലകനായ ഗോപിചന്ദ്, താരങ്ങളായ സൈന നെഹ് വാൾ, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി, പാരുപ്പളളി കശ്യപ് തുടങ്ങിയവരുമായും ടിം കുക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു.
Discussion about this post