ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാമത്തെ സ്‌റ്റോർ തുറന്ന് ആപ്പിൾ. സിഇഒ ടിം കുക്ക് ആണ് ഡൽഹി സാകേതിലുളള സ്‌റ്റോറും ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി തുറന്നത്. രാവിലെ പത്ത് മണിക്കായിരുന്നു ഉദ്ഘാടനം. മണിക്കൂറുകൾ മുൻപ് തന്നെ ടിം കുക്കിനെ കാണാനും ഉദ്ഘാടനത്തിന് സാക്ഷിയാകാനും നിരവധി പേർ സ്റ്റോറിന് മുൻപിൽ തടിച്ചുകൂടിയിരുന്നു.
ടിം കുക്ക് തന്നെയാണ് ആദ്യം കടന്നുവന്ന ഉപഭോക്താക്കളെ വരവേറ്റത്. കൈകൂപ്പി നമസ്‌തേ പറഞ്ഞ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളോട് സംവദിക്കാനും സെൽഫിയെടുക്കാനും ഹസ്തദാനം നടത്താനുമൊക്കെ ടിം കുക്ക് തയ്യാറായി. അവിശ്വസനീയമായ സ്വീകരണമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്ര കുർള കോംപ്ലെക്‌സിലായിരുന്നു രാജ്യത്തെ ആദ്യ ആപ്പിൾ സ്‌റ്റോർ ടിം കുക്ക് ഉദ്ഘാടനം ചെയ്തത്. സാകേത് സ്‌റ്റോറിൽ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നായി 70 ജീവനക്കാരാണുളളത്. ഇവരിൽ പകുതി പേർ വനിതകളാണ്. ഇന്ത്യയിലെ പതിനഞ്ച് പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യാൻ ഇവർക്കാകും. രാജ്യത്ത് എവിടെ നിന്നുമുളള ഉപഭോക്താക്കൾക്ക് മികച്ച സേവനം ഒരുക്കുകയാണ് സാകേത് സ്‌റ്റോറിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്.
ഇന്നലെ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ആപ്പിൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സ്റ്റോറുകളിലും ഫാക്ടറികളിലുമായി ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വൈകാതെ രണ്ട് ലക്ഷമാക്കി ഉയർത്തുമെന്നാണ് ആപ്പിൾ കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
Discussion about this post