ഖാർത്തൂം; സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സുഡാനിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. 183 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്ന് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. സുഡാനി സെൻട്രൽ മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സിഎൻഎൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തലസ്ഥാനമായ ഖാർത്തൂമിന് സമീപം കൂടുതൽ സ്ഥലങ്ങളിൽ സംഘർഷം വ്യാപിച്ചതോടെ അക്രമത്തിന് ഇരകളാകുന്നവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. സെൻട്രൽ ഖാർത്തൂമിലെ ഫിദൈൽ ആശുപത്രിയിൽ മാത്രം പരിക്കേറ്റ നിരവധി പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ സൈനികരും സാധാരണക്കാരും ഉണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും (ആർഎസ്എഫ്) സൈന്യവും തമ്മിലാണ് സംഘർഷമുണ്ടായത്. 2021 ലെ അട്ടിമറിക്ക് ശേഷം ജനറൽമാരുടെ കൗൺസിലാണ് സുഡാൻ ഭരിക്കുന്നത്. വീണ്ടും പൗരഭരണത്തിലേക്ക് മാറ്റാൻ സൈന്യം തീരുമാനിച്ചിരുന്നു. മാത്രമല്ല അർദ്ധസൈനിക വിഭാഗത്തെ മുഖ്യസൈന്യത്തിന്റെ ഭാഗമാക്കിയാൽ മതിയെന്നും നിർദ്ദേശമുണ്ടായിരുന്നു.
സുഡാനിലെ കരുത്തരായ അർദ്ധസൈനിക വിഭാഗമാണ് ആർഎസ്എഫ്. സൈന്യത്തിന്റെ ഭാഗമാകണമെങ്കിൽ 10 വർഷമെങ്കിലും സാവകാശം വേണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. സംഘർഷത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ തന്നെ ഇന്ത്യൻ എംബസി പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സുഡാനിലേക്കുളള യാത്ര ഒഴിവാക്കണമെന്നും അവിടെയുളളവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിൽ കണ്ണൂർ ആലക്കോട് സ്വദേശിയായ ആൽബർട്ട് അഗസ്റ്റിൻ (48) കൊല്ലപ്പെട്ടതായി ഇന്ന് വിവരം ലഭിച്ചിരുന്നു. വിമുക്തഭടനായ ആൽബർട്ട് സ്വകാര്യ കമ്പനി ജീവനക്കാരനായിട്ടാണ് സുഡാനിലെത്തിയത്. വീട്ടിനുളളിൽ ഫോൺ ചെയ്യുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ സുഡാൻ സൈന്യം നിർദ്ദേശിക്കുന്നുണ്ട്. ആർഎസ്എഫ് നീക്കങ്ങൾ നിരീക്ഷിച്ച് ലഭിക്കുന്ന അറിയിപ്പുകൾക്ക് അനുസരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Discussion about this post