റായ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ മുട്ടുവേദന വന്നതോടെ തന്റെ അഹങ്കാരം മാറിയെന്ന് രാഹുൽ ഗാന്ധി. ദിവസവും 20 മുതൽ 25 കിലോമീറ്റർ വരെ നടക്കാൻ കഴിയുമെന്നായിരുന്നു തന്റെ വിശ്വാസം. എന്നാൽ ജോഡോ യാത്ര തുടങ്ങി പത്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ പഴയ മുട്ടുവേദന മടങ്ങി വന്നു. അതോടെ തന്റെ ആ അഹങ്കാരം മാറിയെന്ന് രാഹുൽ പറഞ്ഞു.റായ്പൂരിലെ പ്ലീനറി സെക്ഷനിൽ ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു രാഹുൽ.
ഭാരത മാതാവാണ് തനിക്ക് ആ സന്ദേശം നൽകിയത്. കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കാനാണെങ്കിൽ ആദ്യം നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അഹങ്കാരം ഉപേക്ഷിക്കണമെന്ന് ആയിരുന്നു ആ സന്ദേശമെന്ന് രാഹുൽ പറഞ്ഞു.
52 വർഷങ്ങൾ കഴിഞ്ഞു. എനിക്ക് ഇതുവരെ ഒരു വീടില്ലായിരുന്നു. പക്ഷെ കശ്മീരിലെത്തിയപ്പോൾ ഒരു വീട്ടിലെത്തിയതുപോലെയാണ് തോന്നിയതെന്ന് രാഹുൽ പറഞ്ഞു. ജോഡോ യാത്രയിൽ ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. രാജ്യത്തിന് വേണ്ടിയാണ് കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നതെന്നും രാഹുൽ അവകാശപ്പെട്ടു. കർഷകരുടെ പ്രശ്‌നങ്ങൾ കേട്ടതായും അവരുടെ വേദന മനസിലാക്കിയതായും രാഹുൽ പറഞ്ഞു.
അദാനി വിഷയവും പ്രസംഗത്തിൽ രാഹുൽ പറഞ്ഞു. പാർലമെന്റിൽ അദാനിക്കെതിരെ ഒന്നും ചോദിക്കരുതെന്നാണ് പറയുന്നത്. പക്ഷെ സത്യം പുറത്തുവരുന്നത് വരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കും. അദാനിയുടെ സുഹൃത്തായതുകൊണ്ടാണ് അന്വേഷണത്തിന് മടിക്കുന്നത്. പാർലമെന്റിൽ പ്രധാനമന്ത്രിയും അദാനിയുമായുളള ബന്ധം ചോദിച്ചപ്പോൾ സർക്കാരും മന്ത്രിമാരും അതിനെ പ്രതിരോധിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
Discussion about this post