ബംഗളൂരു: മുൻ സിറ്റി പോലീസ് കമ്മീഷണറും ആംആദ്മി നേതാവുമായ ഭാസ്‌ക്കർ റാവു ബിജെപിയിലേക്ക്. ഇന്നലെ അദ്ദേഹം കർണാടക റെവന്യൂ മന്ത്രിയും ബിജെപി പ്രമുഖ നേതാവുമായ ആർ അശോകയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുന്നുവെന്ന സൂചനകൾ പുറത്തുവന്നത്.
നിലവിൽ ആംആദ്മിയുടെ മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയർമാൻ ആണ് ഭാസ്‌ക്കർ റാവു. ആർ അശോകയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഭാസ്‌ക്കർ റാവു ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ഭാസ്‌ക്കർ റാവു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ റെവന്യൂമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് ബലപ്പെട്ടു.
ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ഭാസ്‌ക്കർ റാവു കഴിഞ്ഞ ഏപ്രിലിലാണ് ആംആദ്മിയിൽ ചേർന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രബല നേതാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അടുത്തിടെ നേതൃത്വവുമായി ചില ഭിന്നതകൾ ഉടലെടുത്തിരുന്നു. ഇതാണ് ആംആദ്മി വിടാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത് എന്നാണ് വിവരം.
Discussion about this post