കൊച്ചി: അഭിനയ ലോകത്തേക്കു മടങ്ങിവരുന്ന സുഹൃത്തിനെ ക്യാമറ കൊണ്ട് വളഞ്ഞ് ബുദ്ധിമുട്ടിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥനയുമായി ചലച്ചിത്ര താരം പൃഥ്വിരാജ്. ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായ യുവനടി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊക്കെഷനിലേക്കെത്തുമ്പോള് ക്യാമറുകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. സുഹൃത്തിനായി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. നടിക്കു മാധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ സംസാരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അവര്‍ എപ്പോള്‍ മാധ്യമങ്ങളെ കാണുമെന്ന് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, നടിയും പൃഥ്വിരാജും ഒരുമിച്ച് ഇന്നു രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു നടക്കാനിരിക്കെ, പിന്നീട് മാധ്യമങ്ങള കാണുന്നതാണ് ഉചിതമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. എന്നാല്‍, നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ടത്.
ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ തരണം ചെയ്ത് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയ നടിയെ അഭിനന്ദിച്ച് പൃഥ്വിരാജ് നേരത്തെ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് നടിയുടെ ധീരതയെ പൃഥ്വിരാജ് അഭിനന്ദിച്ചത്. ഇനിമുതല്‍ സ്ത്രീ വിരുദ്ധ സ്വഭാവമുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുവരെ അത്തരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post