കൊച്ചി: സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം. സിപിഐഎമ്മുകാരുടെ മൂന്ന് ഇരട്ടത്താപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെട്ടത് എന്ന് പറഞ്ഞ ബല്‍റാം അവ അക്കമിട്ട് നിരത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും നേതാവ് ആര്‍ജ്ജവത്തോടെ പുരോഗമന നിലപാടെടുത്താല്‍ അതിന്റെ ഒരു ശതമാനം ക്രെഡിറ്റ് പോലും പാര്‍ട്ടിക്ക് അംഗീകരിച്ച് നല്‍കില്ല. അവര്‍ കോണ്‍ഗ്രസിലേക്ക് വഴി തെറ്റി വന്നവരാണെന്ന് പ്രഖ്യാപിക്കും. അവരുടെ സോഷ്യലിസ്റ്റ് ഭൂതകാലം ചികഞ്ഞെടുത്ത് നിങ്ങളെ സഖാവേ എന്ന് വിളിച്ചോട്ടേയെന്ന് പുകഴ്ത്തി ആക്ഷേപിക്കാന്‍ നോക്കുമെന്ന് ഒന്നാമത്തെ ഇരട്ടത്താപ്പായി ബല്‍റാം പറയുന്നു.
മംഗലാപുരത്ത് സുരക്ഷ ഒരുക്കിയത് കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവാദിത്തം മാത്രമാണ് എന്നും അതില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല എന്നുമാണ് സിപിഐഎം പറയുന്നത്. ഭോപ്പാലില്‍ സുരക്ഷ ഒരുക്കാത്തത് അവിടത്തെ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയാണ്. കാരണം ക്രമസമാധാന ചുമതല സംസ്ഥാന സര്‍ക്കാറിനാണ്. എന്നാല്‍ ബാബറി മസ്ജിദിന് സുരക്ഷയൊരുക്കാത്തതില്‍ ക്രമസമാധാന ചുമതല ഉണ്ടായിരുന്ന കല്യാണ്‍ സിഗ് സര്‍ക്കാറിന് യാതൊരു ഉത്തരവാദിത്തമില്ല എന്നാണ് സിപിഐഎം പറയുന്നത് എന്നാണ് രണ്ടാമതായി ബല്‍റാം പറയുന്നത്.
സിപിഐഎമ്മിന് ആരേയും വിമര്‍ശിക്കാം, എന്നാല്‍ പിണറായി വിജയനെ ആരും വിമര്‍ശിക്കാനോ ട്രോള്‍ ചെയ്യാന്‍ പാടില്ല എന്നതാണ് സിപിഐഎമ്മിന്റെ മൂന്നാമത്തെ ഇരട്ടത്താപ്പായി ബല്‍റാം പറയുന്നത്. അഥവാ ആരെങ്കിലും വിമര്‍ശിക്കുകയോ ട്രോള്‍ ചെയ്യുകയോ ചെയ്താല്‍ ഉടനെ നിലവാര പരിശോധനയുമായി വരുമെന്നും ബല്‍റാം പറഞ്ഞു. മംഗലാപുരത്തുനിന്ന് മടങ്ങി കേരള അതിര്ത്തിയിലെത്തിയാല്പ്പിന്നെ യാതൊരു മര്യാദയും നന്ദിയും നിങ്ങളില്‍ നിന്നുണ്ടാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നത് എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സിപിഎമ്മുകാരുടെ രണ്ട് മൂന്ന് ഇരട്ടത്താപ്പുകളാണ് ഈ ദിവസങ്ങളില്‍ വെളിപ്പെട്ടത്:
ഒന്ന്) കോണ്‍ഗ്രസ്സില്‍ നിന്ന് ഏതെങ്കിലും നേതാവ് ആര്‍ജ്ജവത്തോടെ പുരോഗമന നിലപാടെടുത്താല്‍ അതിന്റെ ഒരു ശതമാനം ക്രഡിറ്റ് പോലും പാര്‍ട്ടിക്ക് അംഗീകരിച്ചു നല്‍കില്ല. അവര്‍ കോണ്‍ഗ്രസ്സില്‍ വഴിതെറ്റി വന്നവരാണെന്ന് പ്രഖ്യാപിക്കും, അവരുടെ സോഷ്യലിസ്റ്റ് ഭൂതകാലം ചികഞ്ഞെടുക്കും, ”നിങ്ങളെ ഞാന്‍ സഖാവേ എന്ന് വിളിച്ചോട്ടെ” എന്ന് എന്തോ വലിയ ബഹുമതി നല്കുന്നെന്നമട്ടില് പുകഴ്ത്തി ആക്ഷേപിക്കാന്‍ നോക്കും. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ നൂറ്റി മുപ്പത്തിരണ്ട് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഉണ്ടായ ചെറുതും വലുതുമായ എല്ലാ വീഴ്ചകള്‍ക്കും ഇപ്പോള്‍ ഇരുപത് വയസ്സുള്ള സാധാരണ അനുഭാവിക്ക് പോലും ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാപിക്കും. ”അങ്ങനെയുള്ള, ഇങ്ങനെയുള്ള, കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ടാണോ നീയൊക്കെ പുരോഗമനം പറയുന്നത്” എന്ന് നിരന്തരം ആക്ഷേപിച്ച് അവരെ നിശബ്ദരാക്കാനും പ്രസക്തമായ വിഷയങ്ങളുന്നയിക്കുന്നതില് നിന്ന് പിന്തിരിപ്പിക്കാനും നോക്കും.
രണ്ട്) കര്‍ണ്ണാടകത്തില്‍ സുരക്ഷയൊരുക്കിയത് അവിടത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രം. അതില്‍ കോണ്‍ഗ്രസ്സിന് അഭിമാനിക്കാനൊന്നുമില്ല. കാരണം ക്രമസമാധാനച്ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഭോപ്പാലില്‍ സുരക്ഷയൊരുക്കാത്തത് അവിടത്തെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. കാരണം ക്രമസമാധാനച്ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബാബറി മസ്ജിദിനു സുരക്ഷയൊരുക്കാത്തതില്‍ അവിടത്തെ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന കല്ല്യാണ്‍ സിംഗ് സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലത്രേ. അതിന്റെ പഴി മുഴുവന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിന്.
മൂന്ന്) സിപിഎമ്മുകാര്‍ക്ക് ആരെയും വിമര്‍ശിക്കാം. എന്നാല്‍ പിണറായി വിജയനെ ആരും വിമര്‍ശിക്കാനോ ട്രോള്‍ ചെയ്യാനോ പാടില്ല. ഉടന്‍ നിലവാരപരിശോധനയുമായി വരും. എന്ത് തള്ള് കേട്ടാലും അതൊക്കെ ബാക്കി എല്ലാവരും കണ്ണുമിഴിച്ചുനിന്ന് കേട്ടോളണം.
ഏതായാലും നടക്കട്ടെ. എന്തിന്റെ പേരിലായാലും കോണ്‍ഗ്രസിനെ നാല് കുറ്റം പറയാതെയും പുച്ഛിക്കാതെയും സിപിഎം സഖാക്കള്‍ക്ക് ഉറക്കം വരില്ലല്ലോ. മംഗലാപുരത്തുനിന്ന് മടങ്ങി കേരള അതിര്ത്തിയിലെത്തിയാല്പ്പിന്നെ യാതൊരു മര്യാദയും നന്ദിയും നിങ്ങളില്‍ നിന്നുണ്ടാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നത്.
അതുകൊണ്ട് പഴയ ഇഎംഎസിന്റെ മുദ്രാവാക്യമായ ”കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും” എന്നതിന്റെ തുടര്‍ച്ചയായ ”കോണ്‍ഗ്രസ് മുക്ത് ഭാരത്” എന്ന ഇപ്പോഴത്തെ സംഘി മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ഉള്ളുകൊണ്ടാഹ്ലാദിക്കുന്നവര്, ബീഹാറിന് ശേഷം ഇപ്പോള്‍ യുപിയിലും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് സംഘികള്‍ക്ക് അധികാരത്തിലേക്ക് എളുപ്പവഴി വെട്ടുന്നവര്‍, വല്ലപ്പോഴുമെങ്കിലും സമയം കിട്ടുമ്പോള്‍ ഓര്‍ക്കണം, ബ്രണ്ണന്‍ കോളേജിന് ശേഷം തന്നെയാണ് ഭോപ്പാലും ഡല്‍ഹിയുമൊക്കെ ഉണ്ടായത് എന്ന്. ലക്നൗവിലേക്കും നാളെ ഇന്ദ്രനും ചന്ദ്രനുമില്ലാതെ തനിയെ പോകേണ്ടി വരുമെന്ന്.
[fb_pe url=”https://www.facebook.com/vtbalram/posts/10154594975674139″ bottom=”30″]
Discussion about this post