കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തിനു പിന്നാലെ വെള്ളിത്തിരയ്ക്ക് പിന്നിലെ മോശം പ്രവണതകള്‍ പലതും പുറത്ത് വന്നിരുന്നു. പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിവരിച്ച് രംഗത്ത് വന്നു. ഏറ്റവും ഒടുവില്‍ പഴയകാല നടി ചാര്‍മിളയും തനിക്ക് നേരിട്ട ചില കയ്പേറിയ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ചാര്‍മിള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ താരസുന്ദരികളില്‍ ഒരാളായിരുന്നു ചാര്‍മിള. മലയാളത്തിലെ ചില താരങ്ങളും സംവിധായകരും കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള പറയുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ കിടന്ന് കിട്ടുന്ന ചാന്‍സ് തനിക്ക് വേണ്ട. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും മോശമായി സംസാരിക്കാറുണ്ടെന്നും ചാര്‍മിള പറഞ്ഞു.
ഇപ്പോള്‍ തമിഴിലും തെലുങ്കിലും അമ്മ വേഷമാണ് ചെയ്യുന്നത്. എന്നാല്‍ മലയാളത്തില്‍ പക്ഷെ അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇങ്ങനെ തന്നോട് ചോദിക്കുന്നുള്ളൂവെന്ന് താരം പറയുന്നു. ചില സംവിധായകരും നടന്മാരും ഇത്തരത്തില്‍ ചോദിച്ചിട്ടുണ്ട്. നടിയെ നടിയായി കാണാതെ വന്ന് കിടക്കൂ എന്ന് പറഞ്ഞാല്‍? കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളോ എന്ന് ചാര്‍മിള ചോദിക്കുന്നു. എനിക്ക് 42 വയസ്സായി. എന്റെ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ല. ചാര്‍മിള അഭിപ്രായപ്പെട്ടു.
ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹത്തെ താന്‍ ഒരുപാട് വിശ്വസിച്ചിരുന്നതായും വ്യക്തമാക്കി. വിവാഹത്തിന് തന്റെ വീട്ടുകാര്‍ക്കും സമ്മതമായിരുന്നുവെന്ന പറഞ്ഞ ചാര്‍മിള, അദ്ദേഹത്തിനും ഇഷ്ടമായിരുന്നു എന്നാണ് തനിക്ക് തോന്നിയതെന്നും പറഞ്ഞു. എന്നാല്‍ അമേരിക്കയിലെ ഗ്രീന്‍കാര്‍ഡൊക്കെ കിട്ടിയപ്പോള്‍ തന്നെ വിട്ടുവെന്നും ചാര്‍മ്മിള പറയുന്നു. തന്റെ ജീവിതത്തെ ചതിച്ചത് താന്‍ തന്നെയാണെന്നും ചാര്‍മിള പറയുന്നു.
Discussion about this post