ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യമന്ത്രി സഭ തീരുമാനങ്ങളില്‍ ഒന്നായിരുന്നു സെന്‍കുമാറിനെ പോലിസ് ഡിജിപി സ്ഥാനത്ത് നിന്നുള്ള മാറ്റം. സിപിഎമ്മിന് അനഭിമതന്‍ എന്ന തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് ശക്തമായ വിലയിരുത്തലുകള്‍ ഉണ്ടായി. പുറ്റിംഗല്‍ ദുരന്തവും, ജിഷ വധക്കേസും അന്വേഷിച്ച രീതി ശരിയായില്ല എന്ന കാരണമാണ് പിണറായി വിജയന് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് കാരണമായി പറഞ്ഞത്. എന്നാല്‍ കാര്യമതൊന്നും അല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലായിരുന്നു.
സത്യസന്ധനായ ഉദ്യോഗസ്ഥന് എന്നു പേരെടുത്ത മികച്ച പോലിസ് മേധാവികളില്‍ ഒരാളായ സെന്‍കുമാര്‍ തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളല്ല എന്ന തോന്നലാണ് സിപിഎമ്മിനെ കൊണ്ട് തിടുക്കത്തില്‍ ആ തീരുമാനം എടുപ്പിച്ചതിന് പിന്നില്‍. കോണ്‍ഗ്രസ് ഭരണകാലത്ത് ടിപി വധക്കേസിലും, ഷൂക്കൂര്‍, ഫസല്‍ വധക്കേസിലും സിപിഎം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ കയറി കൂടിയതിന്റ പകയും സിപിഎമ്മിനുണ്ടായിരുന്നു. തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഒരു പോലിസ് മേധാവിയെ വച്ച് മുന്നോട്ട് പോകാനാവില്ല എന്ന് പിണറായി നിലപാടെടുത്തു. സുപ്രിം കോടതി ഉത്തരവൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന ധാര്‍ഷ്ട്യവും നടപടിയ്ക്ക് പിന്നിലുണ്ടായി. രാഷ്ട്രീയ പകയുടെ ഇരയാകുന്ന ആദ്യ പോലിസ് മേധാവിയൊന്നും അല്ല സെന്‍കുമാര്‍. എന്നാല്‍ തികച്ചും അന്യായമായ കാരണം പറഞ്ഞ്, അല്പം പോലും മാന്യതയോ മര്യാദയോ നല്‍കാതെ സ്ഥലം മാറ്റുകയായിരുന്നു സെന്‍കുമാറിനെ, അത് ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും ആദര്‍ശധീരതയും അദ്ദേഹത്തിനുണ്ട് എന്നതും വാസ്തവം.
ഹൈക്കോടതിയില്‍ നിന്ന് ലഭിക്കാത്ത നീതി തേടിയായിരുന്നു സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താല്‍ സംസ്ഥാന പോലീസില്‍ പിന്നെ ആരും ഉണ്ടാവില്ലെന്നും ഇന്ന് സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി പറഞ്ഞു. ഈ മാസം 27നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞു. എല്ലാം കീഴവവഴക്കമനുസരിച്ച് എന്ന പതിവ് വിശദീകരണത്തില്‍ കാര്യങ്ങള്‍ നില്‍ക്കില്ല എന്ന സൂചനയാണ് സുപ്രിംകോടതി പങ്കുവച്ചത്.
സിപിഎം പകയാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് ബോധിപ്പിച്ച് പരസ്യമായ പോരിന് സെന്‍കുമാര്‍ തയ്യാറായതോടെ സര്‍ക്കാര്‍ പ്രതികൂട്ടിലായി. യുഡിഎഫ് ഭരണകാലത്തിന്റ അവസാനത്തില്‍ നടന്ന രണ്ട് വിഷയങ്ങളില്‍ സെന്‍കുമാറിന് വലിയ വീഴ്ചയൊന്നും പറ്റിയിട്ടില്ല എന്നാണ് പൊതു വിലയിരുത്തല്‍. പുറ്റിംഗല്‍ വെടിക്കട്ട് അപകടത്തിന്റ അന്വേഷണത്തിന് പുതിയ ഡിജിപി എത്തിയ ശേഷം എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് വ്യക്തമല്ല. ജിഷ വധക്കേസില്‍ മുന്‍ അന്വേഷണ സംഘം നടത്തിയ കണ്ടെത്തലുകളുടെ തുടര്‍ച്ചയായിരുന്നു പുതിയ അന്വേഷണസംഘവും നടത്തിയത്. അപ്പോള്‍ എന്തായിരുന്നു ആ അന്വേഷണങ്ങളില്‍ ഡിജിപി സെന്‍കുമാറിന് സംഭവിച്ച വീഴ്ച എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
ഉദ്യോഗസ്ഥനെ സ്ഥാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സുപ്രിം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമല്ല എന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളിയാല്‍ അത് പിണറായി വിജയന് വലിയ രാഷ്ട്രീയ തിരിച്ചടി തന്നെയാകും. എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യത്തോടെ അധികാരത്തിലെത്തിയ ഒറു സര്‍ക്കാരിന്റ ആദ്യ തീരുമാനം തന്നെ ശരിയായില്ല എന്ന ് വന്നാല്‍ അത് വലിയ രാഷ്ട്രീയ തിരിച്ചടി കന്നെയാകും, രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ ഒച്ഛാനിച്ച് നില്ക്കുന്ന ബ്യൂറോക്രസി എന്ന പതിവ് എല്‍ഡിഎഫ് ധാര്‍ഷ്ട്യത്തിന് ഏല്ക്കുന്ന വലിയ തിരിച്ചടിയും ആകും അത്.
സെന്‍കുമാര്‍ ഇപ്പോള്‍ യുഡിഎഫ് പാളയത്തിലല്ല, അവിടവും വിട്ടു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റ നിയമസഭയിലെ പ്രസ്താവന അദ്ദേഹത്തിന്റെ ഭരണപരമായ പക്വതയില്ലായ്മയാണ്. കോടതിയില്‍ സെന്‍കുമാര്‍ ഉന്നയിച്ച ആരോപണത്തിന് നിയമസഭയില്‍ മറുപടി പറഞ്ഞ പിണറായി വിജയന് ഒരു മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്ന വിധമല്ല പ്രസ്താവന നടത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. ഒറു ഐഎഎസ് ഉദ്യോഗസ്ഥന് നീതി തേടി കോടതിയെ സമീപിച്ചാല്‍ അതിനെ രാഷ്ട്രീയമായി നേരിടുന്ന രീതി ഒട്ടും ജനാധിപത്യത്തിന് ഭൂഷണമായിരുന്നില്ല. കേരളത്തില്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ അവശേഷിക്കുന്ന നട്ടെല്ലും ഊരിയെടുക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ വിമര്‍ശനം. സുപ്രിം കോടതി വരെ മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയാല്‍ പിന്നെ പിണറായി വിജയന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കുന്നതാകും ഉചിതം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും സുപ്രിം കോടതിയുടെ വിമര്‍ശം ചെന്ന് കൊള്ളുന്നത് ഒരാളില്‍ മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍..രാഷ്ട്രീയമല്ല ഭരണവും നിയമമെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും തിരിച്ചറിയുമെന്ന് കരുതാം
Discussion about this post