പരസ്പരം കളിയാക്കാനും പരിഹസിക്കാനും മൃഗങ്ങളോട് ഉപമിക്കുന്ന മനുഷ്യൻ കാരണം പഴി കേൾക്കേണ്ടി വന്ന ഒട്ടേറെ ജീവികളിലൊന്നാണ് ഓന്തും. പാമ്പുകളുടെ കുത്തകയായി അറിയപ്പെടുന്ന ഉരഗവർഗത്തിലെ സൽഗുണ സമ്പന്നനും ഫാഷൻകാരനും ആണ് ഓന്തുകൾ. മനുഷ്യൻ കാരണം പഴി കേൾക്കേണ്ടി വന്ന നിഷ്‌കളങ്കൻ. അവസരവാദത്തിനെയും വിശ്വാസവഞ്ചനയെയും ചതിയേയും സൂചിപ്പിക്കാൻ മനുഷ്യനെന്തിനാണ് ഓന്തിനെ പോലെ നിറം മാറുക എന്ന് പറയുന്നതെന്ന് അതുങ്ങൾക്ക് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ലന്നേ… സത്യത്തിൽ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ജീവിയാണ് ഇവ.
വലിയ പാരമ്പര്യം പറയാനൊക്കെയുള്ള ജീവിയാണ് ഈ ഓന്ത്. ഉരഗ വർഗ്ഗത്തിൽ പെടുന്ന പല്ലി കുടുംബത്തിലെ ഒരു ജീവിയാണ് ഓന്ത്. ദിനോസറുകൾ ഇവരുടെ മുതുമുത്തച്ഛൻമാർ ആണത്രേ. അതുകൊണ്ട് തങ്ങളിപ്പോഴും ദിനോസറാണെന്ന ഭാവം ആണ് ഇവയ്ക്ക് പലപ്പോഴും. ആളെ കണ്ടാൽ എന്താടാ നിനക്ക് പേടിച്ചാൽ എന്ന ഭാവത്തിൽ ഒറ്റ നിൽപ്പാണ്.. പഴയ ജുറാസിക് ഹാങ്ങോവറിൽ നിന്ന് ആശാൻ ഇതുവരെ തിരിച്ച് ഇറങ്ങിയിട്ടില്ലെന്ന് ആ നിൽപ്പിലൂടെ തന്നെ നമുക്ക് പിടികിട്ടും. എന്നാൽ സ്വന്തം കസിനായ അരണയെ പോലെ മറവിയോ പല്ലിയെ പോലെ വാലുമുറിച്ച് കണ്ടം വഴി ഓടുന്ന ശീലമോ ഓന്തിനില്ലെന്നോർക്കുക. പണ്ടേ ഇച്ചിരി ഫാഷൻ ഫോളോ ചെയ്യുന്ന ആളാണ് ഈ ഓന്ത്.. ഇടയ്ക്കിടെ ഉടുപ്പ് മാറിയില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല.
അതിന് പിന്നിലും വ്യക്തമായ കാരണമുണ്ട്. നമ്മുടെ പൂന്തോട്ടങ്ങളിലും നാട്ടിൻപുറത്തും കാണപ്പെടുന്ന ഗാർഡൻ ലിസാർഡുകൾക്കാണ് താൻ റെഡ് കാർപ്പറ്റിലാണെന്ന ഭാവക്കൂടുതലുള്ളത്. പക്ഷേ സ്വിച്ചിടും പോലെ ശരീരം മൊത്തം കളർ മാറ്റാനൊന്നും ഓന്തിനെ കൊണ്ട് പറ്റില്ല.. അതൊക്കെ ഏതോ മഹാനുഭവൻ അടിച്ചിറക്കിയ തള്ളാണ്. നമ്മുടെ നാട്ടിലെ സാധാരണ ഓന്തുകൾ ഇരപിടിയന്മാരുടെ കണ്ണിൽ പെടാതിരിക്കാൻ പരിസരവുമായി ചേരുന്നവിധം മറഞ്ഞിരിക്കാൻ അവയുടെ നിറത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താനുള്ള കഴിവ് മാത്രമുള്ളവയാണ്. കൂടാതെ മറ്റ് ആൺ ഓന്തുകളുമായുള്ള അതിർത്തിതർക്കങ്ങളുടെ ഭാഗമായും, ഇണചേരൽ കാലത്ത് പെൺ ഓന്തുകളെ ആകർഷിക്കാൻ വേണ്ടിയും ഒക്കെ മാത്രമാണ് നിറം മാറ്റൽ കഴിവ് പുറത്തെടുക്കാറുള്ളത്. തലയും ചുമലും മുൻ കാലുകളും ഒക്കെ ചുവപ്പ് നിറം പടർത്തി കല്യാണവേഷത്തിലാണ് പ്രണയാഭ്യർത്ഥനയുമായി ഇവർ പെൺ ഓന്തിനെ സമീപിക്കുക. ഇനി വേറെ ഏതെങ്കിലും ഓന്ത് താൻ കണ്ണുവച്ച പെണ്ണോന്തിന്റെ പിറകെ ഉണ്ടെന്നറിഞ്ഞാൽ വിധം മാറും. പുഷ് അപ്പും പിൻകാലിൽ എഴുന്നേറ്റ് നിന്ന് യുദ്ധപ്രഖ്യാപനം ഒക്കെയാണ്. അധികം വൈകാതെ തമ്മിൽതല്ല്. അവസാനം ജയിക്കുന്നവൻ ആരാണോ അവന്റെ കൂടെ പെണ്ണ് പോവും.
സമീപകാല ഗവേഷണങ്ങൾപ്രകാരം, ഓന്ത് നിറം മാറുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണെന്നാണ് കണ്ടെത്തിയിട്ടുള്ളത് ആശയവിനിമയത്തിനും താപനില നിയന്ത്രിക്കുന്നതിനുമാണത് ഹോർമോണുകൾ, താപനില, സ്വതന്ത്രനാഡീവ്യൂഹം തുടങ്ങിയവയുടെ സങ്കീർണമായ പ്രതിപ്രവർത്തനമാണ് ഇവയുടെ ഒരു പ്രത്യേകസമയത്തെ നിറം നിയന്ത്രിക്കുന്നതത്രേ. ഓന്തുകളുടെ തൊലിയിൽ ഇറിഡോഫോറുകൾ എന്ന സവിശേഷതരത്തിലുള്ള രണ്ടു പാളികോശങ്ങൾ കാണപ്പെടുന്നു. ഈ ഇറിഡോഫോറുകളിൽ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പിഗ്മെന്റുകളും നാനോക്രിസ്റ്റലുകളും ഉണ്ട്. ഇവയ്ക്ക് ചർമത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും സാധിക്കും.
കളറിന്റെ കാര്യത്തിൽ പഴിച്ചാലെന്താ? നാക്കിന്റെ നീളത്തിൽ ഒട്ടും പിന്നിലല്ല ഓന്തുകൾ. വേഗത്തിൽ ഇരയെ പിടിക്കാനായി നീളൻനാക്ക് മുഴുവൻ പുറത്തേക്ക് ഇടുന്നതാണ് ഇവൻമാരുടെ രീതി.പുൽച്ചാടി, ഉറുമ്പ് അങ്ങനെ ചെറുജീവികളെയെല്ലാം ഇവൻ ഇങ്ങനെ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ആഹാരമാക്കും. വാല് ഒഴിവാക്കിയാലുള്ള ശരീരത്തിന്റെ നീളത്തിന്റെ ഒന്നര മുതൽ രണ്ടിരട്ടിവരെ നീളമുണ്ടാകും ഓന്തിന്റെ നാവിന്.ശരീരത്തിന്റെ നീളം അളവുകോലായെടുത്താൽ ചെറിയ ഓന്തുകൾക്ക് ശരീരത്തിന്റെ രണ്ടിരട്ടിയിലധികം ദൂരത്തുള്ള ഇരകളെയും പിടിക്കാൻ സാധിക്കുമത്രേ. നാക്കിന്റെ പവർ ല്ലേ .പക്ഷേ ഇച്ചിരി വെള്ളം വലിച്ച് കുടിക്കാൻ നോക്കിയാൽ ഈ നാക്ക് കൊണ്ട് പറ്റില്ല. എന്നിട്ടും ചോര വലിച്ച് കുടിക്കുന്നവനെന്ന പഴിയും ഇവ കേൾക്കേണ്ടി വരുന്നു.
മിക്ക ഓന്തുകളും മുട്ടയിടുന്നവയാണ്.ലൈംഗികബന്ധത്തിനുശേഷം 3 മുതൽ 6 ആഴ്ച്ചകൾക്കു ശേഷമാണ് സാധാഓന്തുകൾ മുട്ടയിടുന്നത്. പെൺ ഓന്ത് നിലത്തിറങ്ങി മണ്ണിൽ ഒരു കുഴിയുണ്ടാക്കി അതിൽ മുട്ടകളിടും. ചെറിയ ഇനം ഓന്തുകൾ 2 മുതൽ 4 വരെ മുട്ടകളേ ഇടാറുള്ളൂ. വലിയ ഓന്തുകൾ 80 മുതൽ 100 വരെ മുട്ടകളിടാറുണ്ട്. നാലു മുതൽ പന്ത്രണ്ട് മാസങ്ങൾ വരെയെടുത്താണ് മുട്ടകൾ വിരിയുന്നതത്രേ. ഇത്രയും കാലം കണ്ണിൽ എണ്ണയൊഴിച്ച് തൊട്ടിലും കെട്ടി കാത്തു നിൽക്കുന്നവരൊന്നും അല്ല ഓന്തുകൾ. നിന്റെ കാര്യം നീ തന്നെ നോക്കിക്കോ ഉണ്ണിയെ എന്നാണ് ലൈൻ. കുഴിയിലിട്ട മുട്ടകൾക്ക് മേൽ മണ്ണൊക്കെ ഇട്ട് ആർക്കും സംശയം തോന്നാത്ത വിധത്തിലാക്കി സ്വന്തം പാടും നോക്കി പോവും.
മറ്റ് ഉരവർഗ്ഗക്കാരെപ്പോലെതന്നെ പടം പൊഴിക്കാനുള്ള കഴിവ് ഓന്തുകൾക്ക് ഉണ്ട്. ഉടുപ്പ് അഴിച്ച് മാറ്റും പോലെ മൊത്തം പൊഴിച്ച് കളഞ്ഞാണ് വളരുക. കമിലിയനുകളേപ്പോലെ സാധാ ഓന്തുകൾക്ക് ഇരു കണ്ണൂകളും വേറെ വേറെ ദിശകളിലേക്ക് ഒരേസമയം ഇഷ്ടം പോലെ ചലിപ്പിക്കാൻ കഴിയില്ലെങ്കിലും വളരെ സൂക്ഷ്മമായി ചുറ്റുമുള്ള കാഴ്ചകൾ കാണാനുള്ള കഴിവ് ഉണ്ട്. സാധാരണഗതിയിൽ ഇത്തിരി ഫിറ്റായപോലെ ആടിയാടിയാണ് നടത്തം. ശിരസ്സിൽ കൊമ്പോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും. മരം കയറുന്നതിനും കാഴ്ച്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുകൾ നേടിയ ജീവിവർഗ്ഗമാണ് ഓന്തുകൾ. കാര്യം ദിനോസർ എന്റെ മുത്തച്ഛനാണ്…തമിഴ് മക്കൾ പോലും ദിനോസറിനെ പെരിയ ഓന്തെന്നാണ് വിളിക്കുന്നത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പാമ്പിന്റെയോ മറ്റ് പക്ഷികളുടെയോ കണ്ണിൽ പെട്ടാൽ തീർന്നുകഥ. പിന്നെ ദിനോസർ പാരമ്പര്യം ഒക്കെ അവയുടെ വയറ്റിൽ നിന്ന് പറയേണ്ടി വരും.













Discussion about this post