വിശ്വരൂപം ഇത്രമാത്രം വിവാദമാകാന്‍ കാരണം അന്ന് ഭരണത്തിലിരുന്ന ആളാണെന്ന പുതിയ വെളിപ്പെടുത്തലുമായി കമല്‍ ഹാസന്. പുതിയ തലൈമുറൈ വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് കമല്‍ ഈ താരം തുറന്ന് പറഞ്ഞത്.
ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിശ്വരൂപത്തെ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ അവര്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സംഘടനകളോ ഡിഎംകെ യോ ആയിരുന്നില്ല. അന്ന് ഭരിച്ചിരുന്ന വ്യക്തിയായിരുന്നു അതിന് പിന്നിലെന്നും കമല്‍ ഹാസന് പറഞ്ഞു.
കമല്‍ ഹാസന്റെ പ്രിയപദ്ധതികളിലൊന്നായിരുന്ന വിശ്വരൂപം 2013-ലാണ് പുറത്തിറങ്ങിയത്. ജയലളിതയായായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്. കമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മിച്ച വിശ്വരൂപം തമിഴ്നാട്ടിലെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ തുടക്കത്തില്‍ തമിഴ്നാട്ടിലൊഴികെയും ആഴ്ചകള്‍ക്ക് ശേഷം തമിഴ്നാട്ടിലും റിലീസ് ചെയ്തു. സംഘടനകളുടെ പ്രതിഷേധം ശക്തമായപ്പോള്‍ തമിഴ്നാട്ടില്‍ ചിത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
റോ ഏജന്റ് മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് ഒരു രണ്ടാംഭാഗമുണ്ടാവുമെന്നും കമല്‍ പറഞ്ഞിരുന്നു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് കമലിപ്പോള്‍. 2017 അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്കര്‍ വി.രവിചന്ദ്രനാണ് വിശ്വരൂപം 2ന്റെ നിര്‍മ്മാതാവ്.
Discussion about this post