അലഹബാദ്: യുപി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രണ്ട് അറവുശാലകള്‍ മുദ്രവെച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തില്‍ യോഗി ആദിത്യനാഥ്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച അലഹബാദിലെ രണ്ട് അറവുശാലകളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം രാത്രി മുദ്ര ചെയ്യപ്പെട്ടത്. ഒരുവര്‍ഷം മുന്‍പ് ദേശീയ ഹരിത ട്രൈബൂണല്‍ അടയ്ക്കാന്‍ ഉത്തരവിട്ട അറവുശാലകളായിരുന്നു ഇവ. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നും, അറവുശാലകള്‍ അടച്ചുപൂട്ടുമെന്നുള്പ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ബിജെപി പ്രകടന പത്രിക മുഖ്യമന്ത്രി വിതരണം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രകടനപത്രികയില്‍ ഉള്പ്പെടുത്തിയിരിക്കുന്നവയ്ക്ക് മുന്‍ഗണന നല്കാന് മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. വേര്തിരുവുകളില്ലാതെ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളോടും കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും 15 ദിവസത്തിനകം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post