ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി2 തീയേറ്ററുകളിലെത്താന്‍ ഇനി ഒരു മാസവും കുറച്ച് ദിവസങ്ങളും മാത്രം ശേഷിക്കേ റിലീസിന് മുന്‍പേ ബാഹുബലി2 ലാഭമായിയെന്ന് നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ. ഏപ്രില്‍ 28നാണ് ഇന്ത്യ കാത്തിരിക്കുന്ന റിലീസ്. മലയാളം ഉള്‍പ്പെടെയുള്ള നാല് ഭാഷകളിലായി 6500 സ്ക്രീനുകളിലാണ് ബാഹുബലി: ദി കണ്ക്ലൂഷന് എത്തുക. നിര്‍മ്മാതാവിനെയും സംവിധായകനെയുമൊക്കെ അമ്പരപ്പിച്ച പ്രതികരണമാണ് പ്രേക്ഷകര്‍ ആദ്യഭാഗത്തിന് നല്‍കിയത്.
ചരിത്രവിജയം അപ്രതീക്ഷിതമായിരുന്നതിനാല്‍ ആദ്യഭാഗത്തിലൂടെ നിര്മ്മാതാവിനെക്കാള് ലാഭം നേടിയത് വിതരണക്കാരായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഇത്തവണ അവര്‍ ‘അവകാശങ്ങളു’ടെയെല്ലാം വില്‍പ്പന നടത്തിയിരിക്കുന്നത്. ബാഹുബലി1 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. പക്ഷേ നിര്‍മ്മാതാവിന് ലഭിച്ചത് ഷെയര്‍ 250 കോടിയും. അതായത് നിര്മ്മാതാവിനെക്കാള് ചിത്രം ലാഭം നേടിക്കൊടുത്തത് വിതരണക്കാര്ക്കായിരുന്നു. ഇതിനുദാഹരണമായി അമേരിക്കയില്‍ ബാഹുബലി1ന് ലഭിച്ച ഷെയറും അതിന്റെ അവകാശം വിറ്റ വകയില്‍ നിര്‍മ്മാതാവിന് ലഭിച്ച തുകയും ഫസ്റ്റ്പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 40 ലക്ഷം ഡോളറിനാണ് ആദ്യഭാഗത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം വിറ്റുപോയത്. പക്ഷേ ചിത്രത്തിന് അവിടെനിന്ന് ലഭിച്ച ഷെയര്‍ 90 ലക്ഷം ഡോളറും. അതിനാല്‍ ഇത്തവണ ആ മേഖലയിലെ വിതരണാവകാശം കൂടുതല്‍ തുകയ്ക്ക് മറ്റൊരു കമ്പനി നേടിയെടുത്തു. ‘ഗ്രേറ്റ് ഇന്ത്യ ഫിലിംസ്’ എന്ന കമ്പനിയാണ് 70 ലക്ഷം ഡോളറിന് ബാഹുബലി2ന്റെ റൈറ്റ് സ്വന്തമാക്കിയത്. രണ്ടാംഭാഗം ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ നേടിയ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും 1.5 കോടി ഡോളര്‍ നേടുമെന്നുമാണ് അവരുടെ പ്രതീക്ഷ. ആമിറിന്റെ ദംഗലിനാണ് ഇന്ത്യന്‍ ചിത്രങ്ങളുടെ യുഎസ് കളക്ഷനില്‍ ഇപ്പോള്‍ റെക്കോര്‍ഡ്. 1.23 കോടി ഡോളറാണ് ചിത്രം നേടിയത്.
ചിത്രത്തിന്റെ ഹിന്ദി, മലയാളം ഒഴികെയുള്ള പതിപ്പുകള്‍ക്ക് ഇത്തവണ വിതരണക്കാര്‍ മാറിയിട്ടുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും അനില്‍ തഡാനിയുടെ എഎ ഫിലിംസും ചേര്‍ന്നാണ് ഹിന്ദി പതിപ്പ് വിതരണം ചെയ്യുന്നത്. വടക്കേ ഇന്ത്യയില്‍ ചിത്രത്തിന്റെ ബ്രാന്റ് ഇമേജ് വര്‍ധിക്കാനുള്ള ഒരു കാരണവും കരണ്‍ ജോഹറിന്റെ സാന്നിധ്യമാണ്. കേരളത്തിലെ വിതരണാവകാശം ആദ്യഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്ക് തന്നെയാണ്.
രണ്ട് ഭാഗങ്ങള്‍ക്കുകൂടി 450 കോടി മുതല്‍ മുടക്കെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ രണ്ടാംഭാഗത്തിന്റെ വിവിധ ‘അവകാശങ്ങള്‍’ വിറ്റ വകയില്‍ത്തന്നെ 400, 500 കോടി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടത്. 50 കോടി നല്കി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ക്ക് ചേര്‍ത്ത് 28 കോടി നല്‍കിയാണ് സ്റ്റാര്‍ നെറ്റ്വര്‍ക്ക് വിതരണാവകാശം വാങ്ങിയത്.
‘ബാഹുബലി2 തീയേറ്ററിലെത്തുംമുന്പ് തന്നെ ഞങ്ങള്‍ക്ക് ലാഭം കിട്ടിത്തുടങ്ങി. മറ്റൊരു ബ്ലോക്ക്ബസ്റ്ററാവും ചിത്രമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. പുറത്തിറങ്ങുമ്പോള്‍ റൈറ്റ്സ് വാങ്ങിയവര്‍ക്കും ചിത്രം ലാഭം നേടിക്കൊടുക്കുമെന്നും’ ബാഹുബലി നിര്‍മ്മാതാവായ ഷോബു യര്‍ലഗഡ്ഡ പറയുന്നു.
ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ റിലീസുമായാണ് ബാഹുബലി തീയേറ്ററുകളിലെത്തുക. ലോകമെമ്പാടും 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതില്‍ യുഎസില്‍ മാത്രം 750 തീയേറ്ററുകളാണുള്ളത്. ആദ്യഭാഗത്തേക്കാള് വലിയ ദൃശ്യവിസ്മയമാകണമെന്ന പ്രതീക്ഷയിലാണ് രാജമൗലി ചിത്രം ഒരുക്കിയിരിക്കുന്നത്.
Discussion about this post