പത്തനംതിട്ട: 32 വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറയുന്ന ഇലന്തൂരിലെ ജന്മവീട്ടിലേക്ക് മോഹന്‍ലാല്‍ വീണ്ടുമെത്തി. തന്റെ പുതിയ ചിത്രമായ ‘വില്ലന്റെ’ ചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ സംവിധായകനും ബന്ധുവുമായ ബി. ഉണ്ണികൃഷ്ണനോടൊപ്പമായിരുന്നു സന്ദര്‍ശനം. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷമായിരുന്നു താരത്തിന്റെ വരവ്.
ഇലന്തൂരിലുള്ള പുന്നയ്ക്കല്‍ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ജന്മവീട്ടില്‍ ചിലവഴിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീടുകളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. മോഹന്‍ലാലിന്റെ അമ്മാവന്റെ വീടാണ് പുന്നയ്ക്കലേത്. ബാല്യകാലത്ത് മോഹന്‍ലാല്‍ കളിച്ചു വളര്‍ന്നത് ഇവിടെയായിരുന്നു. അച്ഛന്‍ വിശ്വനാഥന്‍നായര്‍ ജോലി സൗകര്യാര്‍ഥം തിരുവനന്തപുരത്ത് മുടവന്‍മുകളിലേക്ക് താമസം മാറ്റിയതോടെയാണ് മോഹന്‍ലാലിന്റെ സന്ദര്‍ശനം നിലച്ചത്. തുടര്‍ന്ന് സിനിമയിലെ തിരക്കുകള്‍ കൂടി ആയതോടെ ഇലന്തൂരിലേക്കുള്ള സന്ദര്‍ശനം ഇല്ലാതായി. കുട്ടിക്കാലത്ത് അവധി നാളുകളിലെല്ലാം ലാല്‍ ഇവിടെ എത്തുമായിരുന്നു. ഇവിടെയുള്ള കൂട്ടുകാര്‍, യാത്രകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയതൊക്കെ മോഹന്‍ലാലിന് പ്രിയങ്കരമായിരുന്നെന്നും ബന്ധുക്കള്‍ ഓര്‍ക്കുന്നു.
സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്കില്‍ ഇലന്തൂരിലെ വീട്ടില്‍ ലാലിനൊന്നിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സന്ദര്‍ശനം പരസ്യമായത്.
Discussion about this post