ലക്നൗ: ജോലിയില്‍ നിന്ന് മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ വരുന്നുവെന്ന് ഉറപ്പാക്കാന്‍ താന്‍ അവരെ ലാന്‍ഡ് ഫോണില്‍ വിളിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാവിലെ ഒമ്പതിനും വൈകിട്ട് ആറിനും ഇടയില്‍ എല്ലാ ജീവനക്കാരും സീറ്റില്‍ കാണണം. വിളിച്ചാല്‍ ഫോണ്‍ എടുക്കണം. ഇല്ലെങ്കില്‍ ഫീല്‍ഡ് വര്ക്കിലാണെന്നു തെളിയിക്കണം. കൃത്യവിലോപം കണ്ടെത്തിയാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതായി ഉപമുഖ്യമന്ത്രി ശ്രീകാന്ത് ശര്‍മ അറിയിച്ചു.
ഉന്നതോദ്യോഗസ്ഥര്‍ വീട്ടിലെ ഓഫിസുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ഉപമുഖ്യമന്ത്രി പറയുന്നു.
നാട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ വ്യവസ്ഥയില്‍ ഇളവുണ്ട്. എന്നാല്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍ നിബന്ധന അനുസരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമയത്ത് ഓഫിസിലുണ്ടെങ്കില്‍ കീഴുദ്യോഗസ്ഥരും സമയത്തു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിവസം 18, 20 മണിക്കൂര്‍വരെ എല്ലാവരും ജോലി ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ഉടനെ ആദിത്യനാഥ് പറഞ്ഞിരുന്നു. മന്ത്രിമാരുടെ ഹാജര്‍ പരിശോധിച്ച് അമ്പരപ്പു സൃഷ്ടിച്ച യോഗി പ്രശസ്ത ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചരമ, ജന്മ വാര്ഷികങ്ങളോടനുബന്ധിച്ച 15 പൊതുഅവധികള്‍ റദ്ദാക്കിയിരുന്നു.
Discussion about this post