തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍നിന്നു കണ്ടെത്തിയത് ആയുധങ്ങളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വിദ്യാര്‍ഥികള്‍ക്കു താമസിക്കാന്‍ അനുവദിച്ച മുറിയില്‍ നിന്നു കഴിഞ്ഞ ദിവസം ആയുധശേഖരം കണ്ടെത്തിയ സംഭവത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം
പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു മീറ്റര്‍ നീളമുള്ള 14 ഇരുമ്പുവടികളും, തടികൊണ്ടുള്ള വടികളും, ഒറു വാക്കത്തിയും പിടിച്ചെടുത്തുവെന്നായിരുന്നു വാര്‍ത്തകള്‍.
കലാലയങ്ങളെ ആയുധകേന്ദ്രമാക്കുന്നതു ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ പി.ടി. തോമസ് എംഎല്‍എ നോട്ടിസ് നല്‍കുകയും ചെയ്തു. എന്നാല്‍, അടിയന്തര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യം വിഷയത്തിനില്ലാത്തതിനാല്‍ അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു മീറ്റര്‍ നീളമുള്ള 14 ഇരുമ്പുവടികളും തടികൊണ്ടുള്ള നാലു വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തിരുന്നു.
ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കാലപ്പഴക്കംകൊണ്ട് അടച്ചതിനാല്‍ ഹോസ്റ്റല്‍വാസികളായ 26 വിദ്യാര്‍ഥികളെ സ്വകാര്യ ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. എന്നാല്‍, ഇവര്‍ നാശനഷ്ടമുണ്ടാക്കുകയും പുറത്തുനിന്നുള്ളവര്‍ താമസത്തിനെത്തുകയും ചെയ്തതിനാല്‍ ഇവിടെനിന്ന് ഒഴിവാക്കി. പ്രിന്‍സിപ്പലുമായി വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു ജനുവരിയില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഇവര്‍ക്കു മൂന്നു മുറി അനുവദിച്ചത്. പരീക്ഷ കഴിയുംവരെ താമസിക്കാനായിരുന്നു അനുമതി. പുറത്തുനിന്ന് ആളെ കയറ്റരുത് എന്നതടക്കമുള്ള നിബന്ധന വച്ചിരുന്നു. 16 പേരാണു മൂന്നു മുറികളില്‍ താമസിക്കാന്‍ അപേക്ഷിച്ചത്. ഇതുപ്രകാരം മുറി അനുവദിച്ചു. കഴിഞ്ഞ 29നു മുറി ഒഴിഞ്ഞു.
എന്നാല്‍ ആറു പേര് താമസിച്ച, ഒന്നാം നിലയിലെ 14-ാം മുറിയുടെ താക്കോല്‍ തിരികെ ഏല്പിച്ചില്ല. കളഞ്ഞുപോയെന്നായിരുന്നു വിശദീകരണം. ഈ മുറിക്കു പിന്നിലെ മേല്‍ക്കൂരയില്‍ ഓടിളക്കിയത് ഒരു അധ്യാപകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനോടു ചേര്‍ന്നു ഗോവണി ചാരിയിരിക്കുന്നതും കണ്ടു. തുടര്‍ന്ന്, ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചു മുറി തുറന്നപ്പോഴാണു ബാനറില്‍ പൊതിഞ്ഞ ആയുധങ്ങള്‍ കണ്ടത്.
Discussion about this post