തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍ മുൻ പൊലീസ് മേധാവിയും ഇപ്പോൾ വിജിലൻസ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവ് സംബന്ധിച്ച വിവാദത്തിൽ ആണ് ബെഹ്റയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ബെഹ്റ നിർദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറങ്ങൾ തിരിച്ചറിയാൻ കമ്പനിയുടെ പേരും കളർകോഡും വേണമെന്ന് നിർദ്ദേശിക്കുകയാണ് ബെഹ്റ ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിൽ ഒരു കമ്പനിയുടെ പ്രത്യേക പെയിന്റ് അടിക്കണമെന്നായിരുന്നു ലോക്നാഥ് ബെഹ്റ ഡി.ജിപി ആയിരിക്കെ ഉത്തരവിറക്കിയത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ, ഡിവൈ.എസ്.പി ഓഫീസുകളും ഒരേ കമ്പനിയുടെ ഒരേ കളർ പെയിന്റ് അടിക്കണമെന്നായിരുന്നു നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതുപ്രകാരം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു.
ഇതേസമയം, ബെഹ്റയുടെ ഉത്തരവിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ബെഹ്റ വിജിലൻസ് ഡയറക്ടറായ സാഹചര്യത്തിൽ ഈ പരാതി അദ്ദേഹം തന്നെയാണ് പരിഗണിക്കുന്നത്.
Discussion about this post