പാലക്കാട്: പാലക്കാട് സിപിഐഎം നേതൃത്വത്തില്‍ ഭൂമി കയ്യേറി ഓഫീസ് നിര്‍മ്മിക്കാന്‍ ശ്രമം. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നത്. കയ്യേറ്റങ്ങള്‍ക്കും അനധിതൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള ഈ ശ്രമം.
സംഭവം വിവാദമായതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കി. ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
എന്നാല്‍ കണ്ണാടി പഞ്ചായത്തിലെ മറ്റു കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം തങ്ങളുടെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ നിലപാട്. കണ്ണാടി രണ്ടാം വില്ലേജില്‍ ഉപ്പുംപാടത്ത് ഇഎംഎസ് സാംസ്ക്കാരിക വേദി എന്ന പേരിലാണ് സിപിഎം ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിരുന്നത്.
ഉപ്പുംപാടത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് അനധികൃതമായാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശത്ത് ഭൂമി കയ്യേറിയിട്ടുണ്ടെന്ന് സിപിഎം പ്രവര്‍ത്തകരും ആരോപിച്ചു.പഞ്ചായത്തിലെ എല്ലാ കയ്യേറ്റങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
Discussion about this post