കൊച്ചി: കഴിഞ്ഞ ദിവസം ഹൈക്കോടതി വിവാഹം അസാധുവാക്കിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചു. യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസിനൊപ്പം മാതാപിതാക്കള്‍ എത്തിയപ്പോഴായിരരുന്നു പ്രതിഷേധം. യുവതി താമസിക്കുന്ന ഹോസ്റ്റലില്‍ ആണ് മാതാപിതാക്കള്‍ യുവതിയെ കൊണ്ടു പോകാനെത്തിയത്.
എന്നാല്‍ താന്‍ മതം മാറിയെന്നും വീട്ടുകാര്‍ക്കൊപ്പം പോകേണ്ടെന്നും പറഞ്ഞ് ബഹളമുണ്ടാക്കി. ഒടുവില്‍ യുവതിയെ പോലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടു പോയി.
അതേസമയം കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സിറിയയിലേക്ക് പോകണം അവിടെ ആടിനെ മേയ്ക്കണമെന്നൊക്കെയാണ് പറയുന്നതെന്നും പിതാവ് കോട്ടയം സ്വദേശി അശോകന് പറഞ്ഞു.
ബുധനാഴ്ചയാണ് മതംമാറിയ ഹോമിയോ വിദ്യാര്‍ഥിനിയായ യുവതിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനും ഇവര്‍ക്ക് സുരക്ഷ നല്‍കാനും പോലീസിനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. പിതാവ് നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി വിഷയത്തിലിടപെട്ടത്. ഹോമിയോ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്നുകാണിച്ച് അശോകന് കഴിഞ്ഞവര്‍ഷമാണ് കോടതിയെ സമീപിച്ചത്. സ്വമേധയാ ആണ് താന്‍ വീട്ടുകാരെ വിട്ടുപോയതെന്നാണ് യുവതി അന്ന് കോടതിയില്‍ ഹാജരായി ബോധിപ്പിച്ചത്.
വീടുവിട്ട പെണ്‍കുട്ടി മഞ്ചേരിയിലെ സത്യസരണിയില്‍ ഇസ്ലാമിക പഠനത്തിന് ചേര്‍ന്നിരുന്നു. യുവതിക്ക് മതപഠനം തുടരാനും താമസസ്ഥലം സ്വയംതീരുമാനിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. 2016 ഡിസംബര്‍ 21-ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19-ന് വിവാഹം നടന്നെന്ന് യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിനൊപ്പമാണ് അന്ന് കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ നടന്ന വിവാഹത്തിന്റെ വിശദവിവരം അന്വേഷിച്ചറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യുവതിയെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. വിവാഹത്തിന് യുവതിയുടെകൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും അത് നടത്തിക്കൊടുക്കാന്‍ അധികാരമോ യോഗ്യതയോ ഇല്ലെന്ന് കോടതി വിലയിരുത്തി.
ഈ വിവാഹം സംബന്ധിച്ചകേസും അതോടൊപ്പം, മറ്റൊരുയുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയില്‍ ചെര്‍പ്പുളശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഡി.ജി.പി. ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കേസിലുള്‍പ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഡി.ജി.പി. അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Discussion about this post