കൊച്ചി: സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എകസിക്യുട്ടീവ് ഓഫീസര്‍ എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സര്‍ക്കാറിലേക്ക് അടക്കാനുള്ള 2.20 കോടി രൂപയുടെ സേവന നികുതി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.
നികുതി കുടിശ്ശികയില്‍ 1.71 കോടി രൂപ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ചു. ബാക്കിവരുന്ന 38 ലക്ഷം രൂപയില്‍ 19 ലക്ഷം രൂപ ഈ മാസം തന്നെ അടച്ചു തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടക്കുമെന്നും നികേഷ് കുമാര്‍ കോടതിയെ അറിയിച്ചു.
ഇന്ന് രാവിലെ ചാനലിന്റെ കളമശേരിയിലുള്ള ഓഫീസിലെത്തിയായിരുന്നു ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് ചാനലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത തീയതിക്കുള്ളില്‍ പണമടയ്ക്കാമെന്നായിരുന്നു ചാനല്‍ അധികൃതരുടെ വിശദീകരണം.ഇതില്‍ വീഴ്ച്ച വരുത്തിയതിനെത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് നേരിട്ടെത്തി പരിശോധന നടത്തിയത്.ഉദ്യാഗസ്ഥര്‍ പരിശോധനയ്ക്കെത്തിയ സമയത്ത് നികേഷ് കുമാറിന്റെ കാബിനില്‍ മറ്റാരും എത്തി സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.
ചാനലുകള്‍ നടത്തുന്ന ക്രമക്കേടുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കി വരുന്നതിനിടയാണ് പുതിയ സംഭവം. നേരത്തെ സാമ്പത്തിക ക്രമക്കേടു കാണിച്ചതിന്റെ പേരില്‍ ഇന്ത്യാവിഷന് റസിഡന്റ് ഡയറക്ടറായ ജമാലുദ്ദീന്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post