മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍. തിരുവന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി ആണ് പിടിയിലായത്.
ജനുവരി 20ന് വാണിയമ്പലം ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ അക്രമം നടത്തിയത് താന്‍ തന്നെയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും ബിംബാരാധനക്കും എതിരെയാണ് തന്റെ പോരാട്ടമെന്ന് ഇയാള്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തിലെത്തിയ കഴകക്കാരന് ഗോവിന്ദന്‍കുട്ടി വാര്യരാണ് ആദ്യം സംഭവം അറിഞ്ഞത്. തുടര്‍ന്ന് മേല്‍ശാന്തി പ്രസാദിനെ വിളിച്ചുവരുത്തി. ക്ഷേത്രത്തില്‍ നടന്നിരുന്ന ഭാഗവത സപ്താഹയജ്ഞം അവസാനിക്കാനിരിക്കെയാണ് ആക്രമണം.
ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിലമ്പൂര്‍-വണ്ടൂര്‍ പാത ഉപരോധിച്ചു. ഹിന്ദുഐക്യവേദി പൂക്കോട്ടുംപാടത്ത് ഹര്‍ത്താല്‍ ആചരിച്ചു. ഈ വര്‍ഷം ജനുവരി 20ന് വാണിയമ്പലം ബാണാപുരം ശ്രീത്രിപുരസുന്ദരി ക്ഷേത്രവും ആക്രമിച്ചിരുന്നു. വിഗ്രഹങ്ങള്‍ തകര്‍ത്തു. ചുറ്റമ്പലത്തിനകത്ത് മനുഷ്യവിസര്ജ്ജ്യമടക്കം കൊണ്ടിട്ടു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ക്ഷേതം സന്ദര്‍ശിച്ചു. സമീപകാലത്ത് ക്ഷേത്ര ധ്വംസനം പതിവെന്നും, തിരക്കഥകള്‍ സൃഷ്ടിച്ച് കേസ് ഒതുക്കിത്തീര്‍ക്കാതെ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Discussion about this post