മാഡ്രിഡ്: ഏഴ് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ച് ഇന്ത്യയും സ്പെയിനും. സൈബര്‍ സുരക്ഷ, വ്യോമയാന മേഖലയിലെ സാങ്കേതിക സഹകരണം തുടങ്ങിയവ കരാറില്‍ ഉള്‍പ്പെടുന്നു. നവീകൃത ഊര്‍ജ മേഖലകളിലെ സഹകരണം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറല്‍, നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ നിയന്ത്രണം ഒഴിവാക്കുക എന്നീ കാര്യങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
മുപ്പതു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്പെയിന് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് സ്പെയിനില്‍ ലഭിച്ചത്. മോണ്‍ക്ലോവ കൊട്ടാരത്തില്‍ മോദിയെ പ്രസിഡന്റ് മാരിയാനോ റജോയി സ്വീകരിച്ചു. ഇന്ത്യയും സ്പെയിനും ഒരുപോലെ നേരിടുന്ന ഭീകരത എന്ന ആപത്തിനെ നേരിടാന്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുന്ന സൂചനകളാണ് ലഭ്യമാകുന്നത്.
മോദി സ്പെയിനിലെ കമ്പനി മേധാവിമാരുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനം, വിനോദ സഞ്ചാരം, ഊര്‍ജ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സ്പാനിഷ് കമ്പനികളെ നരേന്ദ്രമോദി സ്വാഗതം ചെയ്തു. അടിസ്ഥാന വികസനം, പ്രതിരോധം, വിനോദസഞ്ചാരം, ഊര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ വന്‍ അവസരങ്ങളാണ് തുറന്നിരിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു.
സ്പെയിനിലെ രാജാവ് ഫിലസിപ്പി ആറാമനേയും മോദി കണ്ടു. സര്സുലെയ കൊട്ടാരത്തില്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് മോദി ഇംഗ്ലീഷിലും സ്പാനിഷിലും ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ പന്ത്രണ്ടാമത്തെ വലിയ നിക്ഷേപകരാണ് സ്പെയിന്. യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. 200 സ്പെയിന് കമ്പനികള്‍ ഇന്ത്യയില്‍ റോഡുനിര്‍മാണം, റെയില്‍വേ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളില്‍ പങ്കാളികളാണ്. 40 ഇന്ത്യന്‍ കമ്പനികള്‍ സ്പെയിനിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
Discussion about this post