ദുബായ്: ഖത്തര്‍ പ്രതിസന്ധിയില്‍ പെരുന്നാളിനു മുമ്പ് പ്രശ്നപരിഹാരമുണ്ടായേക്കുമെന്ന് സൂചന. ഇതിനായി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് കുവൈറ്റിലെ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റംസാന് പെരുന്നാളിനു മുമ്പ് കര, വ്യോമ, ജല ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് വാര്‍ത്ത.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ജിസിസി അടിയന്തര യോഗം ചേരും. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ അധ്യക്ഷതയിലായിരിക്കും യോഗം. കുവൈറ്റിലെ യോഗത്തിലേക്ക് ഈജിപ്ത് പ്രധാനമന്ത്രിയേയും ക്ഷണിക്കും.
ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളില്‍ നിന്ന് ഖത്തര്‍ പിന്മാറിയാല് മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉപരോധം നീക്കാന്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് പറഞ്ഞു. ഇതിനിടെ ഖത്തറിനെതിരായ നടപടി വിലയിരുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.
സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത്, യെമന്‍, മാലദ്വീപ്, കിഴക്കന്‍ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. ഐഎസ് ഭീകരര്‍ക്ക് ഖത്തര്‍ ധനസഹായവും മറ്റു സഹായങ്ങളും ചെയ്യുന്നതിന്റെ പേരിലാണ് നടപടി. ഖത്തറിലേക്കുള്ള വ്യോമഗതാഗതം വിലക്കിയ അയല്‍ക്കാരുടെ നടപടി പശ്ചിമേഷ്യയിലെങ്ങും വ്യോമഗതാഗതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
Discussion about this post