മലപ്പുറം: രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുമെന്ന ഭീഷണിയുമായി കെ.പി.എ മജീദ്. മജീദിനെയും പി.വി. അബ്ദുള്‍ വഹാബിനെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ രംഗത്തുവന്നതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും പി.വി. അബ്ദുള്‍ വഹാബിനെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടിലാണു ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളായ ഇ. അഹമ്മദും പാണക്കാട് സാദിഖലി തങ്ങളും. എന്നാല്‍ അഞ്ചംഗ ലീഗ് പാര്‍ലമെന്ററി ബോര്‍ഡില്‍ രണ്ടുപേര്‍ അബ്ദുള്‍ വഹാബിനെയും രണ്ടുപേര്‍ മജീദിനെയുമാണു പിന്തുണയ്ക്കുന്നത്. പാര്‍ലമെന്ററി അംഗങ്ങളായ കുഞ്ഞാലിക്കുട്ടിയുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പിന്തുണ മജീദിനാണ്. പാണക്കാട് ഹൈദരലി തങ്ങളാണ് മറ്റൊരു പാര്‍ലമെന്ററി ബോര്‍ഡംഗം.
സാധാരണയായി സംസ്ഥാന പ്രവര്ത്തകസമിതിയാണു സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായി പാര്ലിമെന്ററിബോര്ഡിനെ ചുമതലപ്പെടുത്തുക. ഇതിനുമുന്നോടിയായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷമാണു ഇതുനടത്താറുള്ളത്. എന്നാല്‍, വഹാബിനെ മത്സരിപ്പിച്ചാല്‍ തങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ഇരുവരും നേതാക്കളോട് വ്യക്തമാക്കിയതായും സൂചനയുണ്ട്. ലീഗ് എം.എല്‍.എമാരില്‍ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിയുടെ താല്പര്യത്തോടു യോജിക്കുന്നവരായതു മജീദിന് അനുകൂല ഘടകമാണ്. എന്നാല്‍, വഹാബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പാണക്കാട് സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇരുവരും നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച ഫലമുണ്ടാകാതെ പിരിയുകയായിരുന്നുവെന്നും അറിയുന്നു. ഒരുപ്രാവശ്യം രാജ്യസഭാംഗമായതാണു അബ്ദുല്‍ വഹാബിന്റെ അനുകൂല ഘടകം. ഏപ്രില്‍ മൂന്നിനുചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പാര്ലമെന്ററിബോര്ഡംഗങ്ങളെ ചുമതലപ്പെടുത്തിയേക്കും.
Discussion about this post