മീശ പിരിച്ച് സര്‍പ്രൈസ് ലുക്കില്‍ ആണ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ അമ്മ എക്സിക്യുട്ടീവ് യോഗത്തിലും ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലും എത്തിയത്. പുലിമുരുകനിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിനോട് ചെറിയ സാമ്യമുള്ള ലുക്ക്. മമ്മൂട്ടിക്കൊപ്പമുള്ള സെല്ഫിക്കൊപ്പവും ഈ ഗെറ്റപ്പ് ചര്‍ച്ചയായി.
ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലനിലേതാണ് ഈ ഗെറ്റപ്പ് എന്ന് ആദ്യം ചിലര്‍ സംശയിച്ചെങ്കിലും പിന്നീട് ഇത് മറ്റൊരു ചിത്രത്തിലെ സര്‍പ്രൈസ് ലുക്ക് ആണെന്നത് പുറത്തുവന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ സര്‍പ്രൈസ് ഗെറ്റപ്പാണ് ഇത്. മോഹന്‍ലാലിന് സിനിമയില്‍ രണ്ട് ഗെറ്റപ്പുകളുണ്ടെന്നും രണ്ടാമത്തെ ലുക്ക് ഏറെ സവിശേഷതകള്‍ ഉള്ളതാണെന്നും ബെന്നി പി നായരമ്പലം നേരത്തെ പറഞ്ഞിരുന്നു.
പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോളേജ് അധ്യാപകനായ കഥാപാത്രം എന്തിനാണ് മീശ പിരിച്ചെത്തുന്നത് എന്നതായിരിക്കാം ഈ സിനിമയിലെ സസ്പെന്‍സ്. ഈ ചിത്രത്തില്‍ അനൂപ് മേനോന് അവതരിപ്പിക്കുന്ന ബുള്ളറ്റ് വിശ്വന് എന്ന കഥാപാത്രവും മീശ പിരിച്ച ലുക്കിലാണ്.
തിരുവനന്തപുരത്തെ വെളിപാടിന്റെ പുസ്തകം ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ കൊച്ചിയില്‍ അമ്മയുടെ യോഗത്തിനെത്തിയത്. സിദ്ദീഖ്, അനൂപ് മേനോന്, അന്നാ രാജന്, പ്രിയങ്ക, അപ്പാനി രവി ഫെയിം ശരത്, ജൂഡ് ആന്റണി എന്നിവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയിലും മോഹന്‍ലാല്‍ ഇരട്ട ഗെറ്റപ്പിലാണ്. മാത്യൂസ് മാഞ്ഞൂരാന് എന്ന കഥാപാത്രമായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും അതോടൊപ്പം താടിയില്ലാതെയും മോഹന്‍ലാല്‍ എത്തുന്നുണ്ട്.
Discussion about this post