കൊച്ചി: സ്വച്ഛഭാരത് പദ്ധതി വിഹിതം ചിലവഴിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 350 കോടി രൂപയിലേറെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടും കേരളത്തില്‍ പനി മരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്.
ദേശീയ ശരാശരിയേക്കാള്‍ ഏറെയാണ് സംസ്ഥാനത്തെ പകര്‍ച്ചപ്പനി മരണനിരക്കെന്ന് ഐഡിഎസ്പി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരണം 300 പിന്നിട്ടതോടെയാണ് സംസ്ഥാന സര്‍ക്കാരിന് മേല്‍ പിടിമുറുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും പനി പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതും മരണ നിരക്ക് ദേശീയ ശരാശരിയെ കവച്ചു വച്ചുവെന്ന ഐഡിഎസ്പി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. ഇതോടെയാണ് സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി നല്കിയ 350 കോടിയിലേറെ രൂപ സംസ്ഥാനം എന്ത് ചെയ്തുവെന്ന് കേന്ദ്രം അന്വേഷിക്കുന്നത്. മഴക്കാല പൂര്‍വ ശുചീകരണം ലക്ഷ്യമാക്കി മുന്‍കൂറായിത്തന്നെ പണം സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ മന്ത്രിമാരുടേതടക്കമുള്ള മണ്ഡലങ്ങളില്‍ പോലും മാലിന്യ നീക്കവും സംസ്കരണവും കാര്യക്ഷമമായി നടന്നില്ല.
അതേസമയം പനിമരണം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രം നേരത്തെ സഹായവാഗ്ദാനം നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് നിരസിക്കുകയാണുണ്ടായത്. പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍ പ്രതിരോധ മാര്‍ഗ്ഗമെന്ന രീതിയില്‍ വിതരണം ചെയ്ത മെഫനാമിക് ആസിഡ് ഗുളികകള്‍ പോലും പിന്നീട് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ സ്വച്ഛ് ഭാരത് മിഷന് ഫണ്ട് വകമാറ്റിയതായി തെളിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നടപടികള്‍ക്ക് കേന്ദ്രം തുനിഞ്ഞേക്കുമെന്നാണ് സൂചന.
Discussion about this post