ലോകത്തിന്റെ ഫാക്റ്ററിയെന്ന നിലയില്‍ അതിഗംഭീര വളര്‍ച്ച പ്രകടമാക്കിയിരുന്നതാണ് ഒരു കാലത്ത് ചൈന. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. താല്ക്കാലികമായ തിരിച്ചടി അല്ല ചൈനയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. 2015ലെ ആഗോള വ്യാപാര കണക്കുകള്‍ അനുസരിച്ച് കുറച്ച് മന്ദഗതിയിലാണ് സമ്പദ് വ്യവസ്ഥകള്‍. 2009-ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആഗോള കയറ്റുമതിയില്‍ ആദ്യമായി ഇടിവുണ്ടായ വര്‍ഷം 2015 ആണെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നത്. എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥകള്‍ക്ക് കാല് ഇടറിയതോടെ സാമ്പത്തിക പാതയില്‍ കൂടുതല്‍ വഴുതലാണ് അനുഭവപ്പെടുന്നത്.
അതേസമയം തങ്ങള്‍ ഒരു സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പാതയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചത് എന്നായിരുന്നു ചൈനയുടെ വാദം.
പുതിയ ആഗോള സാഹചര്യത്തില്‍ സാമ്പത്തിക ഗവേഷകര്‍ പ്രതീക്ഷ കാണുന്നത് ചൈനയിലല്ല, മറിച്ച് ഇന്ത്യയിലാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ തന്നെ പഠനം പറയുന്നതനുസരിച്ച് 2025 വരെയുള്ള വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളാകുന്നത് ഇന്ത്യയും ഉഗാണ്ടയും ആയിരിക്കും.
വിവിധ മേഖലകളിലേക്ക് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നതും പുതിയ സാമ്പത്തിക പരിഷ്കരണ നയങ്ങളും ചരക്കു സേവന നികുതി പോലുള്ള സുപ്രധാന നാഴികക്കല്ലുകളും ഇന്ത്യയുടെ സാമ്പത്തിക ഭാവി ശോഭനമാക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടിനെ അപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ശരിക്കും കിതപ്പ് അനുഭവപ്പെടുമെന്നാണ് ഹാര്‍വാര്‍ഡിന്റെ പഠനം വിലയിരുത്തിയത്.
യുക്തിയില്ലാതെ, സൈനിക മോഹം മാത്രം മുന്‍നിര്‍ത്തി മറ്റ് വികസ്വര രാജ്യങ്ങളില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപങ്ങള്‍ അവര്‍ക്ക് വിനയാകാനാണ് സാധ്യത. കടം കൊണ്ട് പൊറുതി മുട്ടുന്ന കമ്യൂണിസ്റ്റ് രാജ്യത്തിന്റെ വികസനത്തിലെ പാകപ്പിഴകള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ലോകത്തിന് ബോധ്യപ്പെടാനാണ് സാധ്യത. ഈ സാഹചര്യം ശരിക്കും മുതലെടുത്ത് മുന്നേറാന്‍ ഇന്ത്യക്ക് കഴിയണം.
Discussion about this post