കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്ന് പ്രോസിക്യൂഷന് വാദിച്ചു. കേസുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ ദിലീപിനെ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിധി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.
ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണം. കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവരിലേക്കെത്തിച്ചേരാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമാണ്. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ദിലീപിന് കഴിയും, അതുകൊണ്ട് ദിലീപിന് ജാമ്യം കൊടുക്കരുത്- പ്രോസിക്യൂഷന് വാദിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചു.
ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ട്. കേസിലെ പ്രധാന കണ്ണി ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന് കെ രാംകുമാര്‍ ചോദിച്ചു. ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഡാലോചനക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം അനവസരത്തിലുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്കര്‍ക്കുള്ള താക്കീതാണെന്നാണ് മജിസ്ട്രേറ്റ് കോടതി പറഞ്ഞത്. ഇത് വളരെ നേരത്തേയുള്ള നിരീക്ഷണമായിപ്പോയെന്നും കോടതി പറഞ്ഞു.
Discussion about this post