തൃശ്ശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വിനായകന്റെ ദേഹത്ത് ഉണ്ടായിരുന്നെന്നും കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ അടയാളങ്ങള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസ് മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പൊലീസ് കസ്റ്റഡിയിലെ പീഡനം താങ്ങാനാവാതെ വീട്ടില്‍ തിരിച്ചെത്തിയ 19കാരനായ വിനായകന് ആത്മഹത്യ ചെയ്യുകയായിരുന്നു. ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദളിത് യുവാവിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
മുടിവലിച്ച് പറിച്ചും മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും അതിക്രൂരമായി വിനയകനെ പൊലീസ് മര്‍ദ്ദിച്ചതിന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് സാക്ഷിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്ട്ടുണ്ടാരുന്നു. സ്റ്റേഷനിലെ ക്രൂര പീഡനങ്ങള്‍ പ്രദേശത്തെ സിപിഐഎം ഏരിയാ സെക്രട്ടറിയോടും വിനായകന് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പാവറട്ടി സ്റ്റേഷനിലെത്തിച്ച ശേഷം തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
അതേസമയം മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന് മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന് കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പൊണ് വിനായകന് തിരിച്ച് വീട്ടിലെത്തിയത്. വിനായകന് ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നു.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിപിഒ ശ്രീജത്, സാജന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
Discussion about this post