കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കും. ആലുവ സബ്ജയിലിലാണ് ദിലീപ് ഇപ്പോഴുളളത്.
നടന്റെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. കോടതിയിലേക്ക് ദിലീപിനെ കൊണ്ടുപോകുമ്പോഴുളള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാമെന്ന് ഇന്നലെ കോടതിയെ അറിയിച്ചത്.
കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും നീക്കത്തിന് പിന്നില്‍ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലുവ സബ്ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം തകരാറിലായതിനാല്‍ പൊലീസ് ഇതിനുളള സംവിധാനം പ്രത്യേകം ഒരുക്കും. ലാപ്ടോപ്പില്‍ സ്കൈപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും ദിലീപിനെ സാങ്കേതികമായി കോടതിയില്‍ പൊലീസ് ഹാജരാക്കുക.
ഉച്ചയ്ക്കായിരിക്കും വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയ സമയത്തെല്ലാം വലിയ ആള്‍ക്കൂട്ടമായിരുന്നു കോടതി പരിസരത്ത് തടിച്ചുകൂടിയത്. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വാദം കേള്‍ക്കും.
Discussion about this post