തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ദൈവം സാക്ഷി എന്ന ചിത്രത്തിന് ഡേറ്റ് നല്‍കി എത്താതിരുന്നതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പടെുത്താന്‍ തീരുമാനിച്ചത്. നിര്‍മാതാവിന് നഷ്ടപരിഹാരം നല്‍കാതെ ഇനി അഭിനയിക്കേണ്ടെന്നാണ് മണിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
സിനിമയുടെ ഷൂട്ടിംഗിനായി മണിക്കുവേണ്ടി നാലു ദിവസം തൊടുപുഴയില്‍ ചിത്രത്തിന്റെ മുഴുവന്‍ യൂണിറ്റും കാത്തിരുന്നെന്നാണ് സംവിധായകന്‍ സ്‌നേഹജിത്ത് പറയുന്നത്. ഇടയ്ക്കിടെ മണിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴെല്ലാം ഉടന്‍ എത്താമെന്ന് മറുപടി പറഞ്ഞെങ്കിലും അദ്ദേഹം ഷൂട്ടിങ്ങിന് എത്തിയില്ല.തുടര്‍ന്ന് സംവിധായകന്‍ താരസംഘടനയായ അമ്മയോട് പരാതി പറയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ മണി ചിത്രത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞതായും സംവിധായകന്‍ വ്യക്തമാക്കി.
പിന്നീട് മണിക്കു പകരം ആളെ നിശ്ചയിച്ചെങ്കിലും സിനിമയ്ക്ക് സാങ്കേതികപരമായ ചില കാരണങ്ങളാല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ കാലതാമസമുണ്ടായി. കലാഭവന്‍ മണി കാരണം നിരവധി ദിവസങ്ങളാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നും ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും നിര്‍മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുന്നതുവരെ മണി ഒരു സിനിമയിലും അഭിനയിക്കേണ്ടെന്ന തീരുമാനത്തില്‍ അസോസിയേഷനെത്തിയത്.
Discussion about this post