മുംബൈ: ചരിത്ര സ്മാരകം സന്ദര്‍ശിക്കാന്‍ ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. ഗോ ബാക്ക് തസ്ലീമ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമയ്ക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തിയതോടുകൂടിയാണ് പൊലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയച്ചത്. എഐഎംഐഎം നേതാവായ ഇംത്യാസ് ജലീല്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
ഞായറാഴ്ച്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്.
തസ്ലീമ പ്രവാചകനെതിരായി എഴുതിയ ആളാണെന്നും ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തിയ ഒരാളെ അംഗീകരിക്കാനാവില്ലെന്നും ജലീല്‍ പറഞ്ഞു. കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രാലയം തസ്ലീമ നസീമിന്റെ വിസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഔറംഗാബാദിലെ അജന്ത എല്ലോറ ഗുഹ കാണാന്‍ തസ്ലീമ എത്തിയത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തങ്ങള്‍ തസ്ലീമയെ തിരികെ അയച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ആക്രമണം നേരിടേണ്ടി വരുമായിരുനെന്ന് പൊലീസ് പറഞ്ഞു. തസ്ലീമയെത്തിയ ഔറംഗബാദ് എയര്‍പോര്‍ട്ടില്‍ നിന്നും വിമാന സര്‍വ്വീസ് കുറവായതുകൊണ്ട് എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ട് തസ്ലീമ വന്ന വിമാനത്തില്‍ തന്നെയാണ് പൊലീസ് അവരെ മുംബൈയിലേക്ക് കയറ്റിവി്ട്ടത്.
Discussion about this post