കൊച്ചി: നടന് ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയെന്നത് ആരോപണമാണെന്നും ദീലീപ് ശാരീരികമായി തകര്‍ന്നിരിക്കയാണെന്നും പ്രമുഖ നിര്‍മാതാവ് ജി സുരേഷ്കുമാര്‍. ജയിലില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചതായും സുരേഷ്കുമാര്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
”ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോള്‍ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്യില്ല.” ഇങ്ങനെയാണ് ദിലീപ് എന്നോടു പറഞ്ഞത്. ഡി ജി പിയില്‍ നിന്ന് അനുമതി വാങ്ങിയാണ് താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും തനിക്ക് ഏറ്റവുമടുത്ത, അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ പോയി കാണണ്ടേ. അതാണ് താനും ചെയ്തത്. തീര്‍ത്തും വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന് സുരേഷ് കുമാര്‍ പറയുന്നു.
ചെവിക്കുള്ളിലെ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്. അദ്ദേഹത്തിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. ഞാന്‍ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടക്കുകയായിരുന്നു. അതിനു ചികിത്സ നല്‍കിയതിനാണ് ഒരു ചാനല്‍ ദിലീപിന് സ്പെഷല്‍ ട്രീറ്റ്മെന്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയത്. ഏതൊരു സാധാരണ തടവുകാരനേയും പോലെ നാലു പേര്‍ക്കൊപ്പമാണ് സെല്ലില്‍ കഴിയുന്നത്. അല്ലെങ്കില്‍ തന്നെ എങ്ങനെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആളിന് പ്രത്യേക പരിഗണന നല്കാനാകുന്നത്. താന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. കുറച്ചു നേരം സംസാരിച്ചു പോന്നു. മറ്റേതൊരാളേയും സന്ദര്‍ശിക്കുന്ന പോലെ വളരെ കുറച്ചു സമയം മാത്രമേ ഞങ്ങള്‍ക്കും കിട്ടിയുള്ളൂ.
ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായൊരു അമ്മയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കേണ്ടതെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. മീനാക്ഷി സ്കൂളില്‍ പോകുന്നുണ്ട്. ആ സ്കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്‍കുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്‍ദ്ദേശം.
ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോള്‍. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ദിലീപിന്റെ അനിയന് ദിലീപിനേക്കാള്‍ താത്വികനാണ്. ഭീഷണിപ്പെടുത്താന്‍ പോയിട്ട് അയാള്‍ക്ക് നന്നായി സംസാരിക്കാന്‍ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയില്‍ പറഞ്ഞതാണ്. എല്ലാവരും നിര്‍ത്തട്ടെ എന്നിട്ടു ഞങ്ങള്‍ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ. തനിക്കിപ്പോഴും മനസിലാകുന്നില്ലെന്നും ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.
കൊടും കുറ്റവാളി ഒരാള്‍ തെറ്റുകാരനാണെന്ന് പറയുമ്പോള്‍ കൃത്യമായ അന്വേഷണം നടത്തി വേണ്ടേ ആ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍. അല്ലാതെ അയാള്‍ പറയുമ്പോള്‍ തന്നെ പിടിച്ച് ജയിലില്‍ ഇടുകയാണോ വേണ്ടത്? തെളിവിനായി പൊലീസ് ഇപ്പോള്‍ അലഞ്ഞ് നടക്കുകയല്ലേ? അയാളുടെ വാക്കു കേട്ടല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത്. താന്‍ പൂര്‍ണമായും വിശ്വസിക്കുന്നു ദിലീപ് ഇതില്‍ തെറ്റുകാരനല്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. ഞാന്‍ 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാള്‍ക്കിത് ചെയ്യാന്‍ കഴിയില്ല. ചെയ്യുകയുമില്ല. ഞാന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് ദിലീപ് ആദ്യം സിനിമയിലെത്തുന്നത്. അന്ന് 1000 രൂപയായിരുന്നു പ്രതിഫലം. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതുമെല്ലാം. അന്നുമുതല്‍ ഇന്നോളം എന്നോട് എന്ത് വിശേഷപ്പെട്ട കാര്യങ്ങളുണ്ടെങ്കിലും പറയുന്നൊരാളാണെന്നും അത്രയ്ക്ക് അടുപ്പമാണെന്നും തനിക്ക് അനിയനെ പോലെയാണ് ദിലീപെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
Discussion about this post