കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്ക്കെതിരെ പൊലീസ് കേസ്. സണ്ണി ലിയോണിനെ കാണാനുള്ള ആരാധകപ്രളയം മൂലം എംജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതിലാണ് കേസ്. പൊതുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. കണ്ടാലറിയുന്ന ഏതാനും പേര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്ക് പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.
രാവിലെ 11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ജനബാഹുല്യം മൂലം തടസ്സപ്പെട്ടതോടെ 12.30 ഓടെയാണ് സണ്ണി എത്തിയത്. പരിപാടി വൈകുന്നതിലുള്ള പ്രകോപനത്താല്‍ ജനക്കൂട്ടം ബഹളമുണ്ടാക്കിയതോടെ പൊലീസ് ചെറിയ തോതില്‍ ലാത്തി പ്രയോഗിച്ചിരുന്നു. വേദിയ്ക്കരികിലുള്ള എടിഎം കൗണ്ടറിന്റെ ബോര്‍ഡും തിക്കിലും തിരക്കിലും തകര്‍ന്നു.
രാവിലെ 8.15നാണ് സണ്ണി ലിയോണ്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എട്ട് സായുധ കമാന്റോകളും 50 അംഗരക്ഷകരും വേദിയ്ക്ക് സമീപം സുരക്ഷയൊരുക്കി നിലകൊണ്ടിരുന്നു.
അതേസമയം തന്നെ കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു. കൊച്ചി മഹാരാജാസ് കോളെജ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള മൊബൈല്‍ ഫോണ്‍ ഷോറൂം ഉദ്ഘാടനവേദിയുടെ മുകളില്‍ നിന്നുള്ള ഫോട്ടോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഷെയര്‍ ചെയ്താണ് സണ്ണി ആരാധകരോട് നന്ദി പ്രകടിപ്പിച്ചത്. ജനബാഹുല്യത്തിന് നടുവില്‍ മുന്നോട്ടുപോകാനാവാതെ നില്ക്കുന്ന സ്വന്തം വാഹനം കാട്ടി ‘എന്റെ കാര്‍ കടലോളം സ്നേഹ’ത്തിന് നടുവിലാണെന്നാണ് താര്യം ട്വീറ്റ് ചെയ്തത്.
Discussion about this post