റോത്തേക്ക്: ബലാത്സംഗക്കേസില്‍ ഗുര്‍മീത് റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കലാപങ്ങളില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് പാര്‍ട്ടിയുടെ പിന്തുണ. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഖട്ടര്‍ രാജിവെക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്തെ കലാപം അടിച്ചമര്‍ത്താന്‍ പരാജയപ്പെട്ട ഖട്ടറിനെതിരെ ചണ്ഡീഗഡ് ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാര്‍ട്ടി രംഗത്തെത്തിയികരിക്കുന്നത്.
കോടതി വിമര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഖട്ടര്‍ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഖട്ടറിന് പൂര്‍ണപിന്തുണയുമായി ബിജെപി രംഗത്തെത്തിയത്.
ഹരിയാനയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന്, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗി എന്നിവരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് ഖട്ടറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ വിശദീകരണം തേടുകയോ ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. ദേരയുടെ ശക്തി കണക്കിലെടുക്കുമ്പോള്‍ കലാപം ഭംഗിയായി കൈകാര്യം ചെയ്തെന്ന് ഷാ അഭിപ്രായപ്പെട്ടു.
കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനുന്നുവെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിനായി നിങ്ങള്‍ നഗരത്തെ കത്തിക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയതായാണ് കാണാന്‍ കഴിഞ്ഞത്. കോടതി വിമര്‍ശിച്ചു.
കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രംതയ്യാറാകണമെന്നും മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹൂഡ അഭിപ്രായപ്പെട്ടു.
ഗുർമീതിന്റെ അനുയായികളിൽ നുഴഞ്ഞു കയറിയ അക്രമികളാണ് കലാപത്തിന് കാരണക്കാരെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അക്രമികൾ കരുതികൂട്ടി നിയമം ലഘിക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിബിഐ കോടതി വിധി പറയുന്ന ദിവസം ഗുർമീതിന്റെ അനുയായികളുടെ ഇടയിലേക്ക് കുറെയധികം അക്രമികൾ നുഴഞ്ഞ് കയറുകയും അവർ സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതിൽ സംശയമില്ല, നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല, നിയമത്തിനു മുകളിൽ ആരും തന്നെ വരുന്നില്ല- ഖട്ടർ പറഞ്ഞു.
രാവിലെ ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിക്കുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിക്കുകയും ചെയ്തിരുന്നു.
Discussion about this post