മലയാള സിനിമയ്ക്ക് വീണ്ടും ഉത്സവ ലഹരി പകരാന്‍ ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തി തുടങ്ങി. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെയും മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെയും ചിത്രങ്ങളുള്‍പ്പെടെ നാല് ചിത്രങ്ങളാണ് ഓണ മത്സരത്തിനെത്തുന്നത്. മമ്മൂട്ടിച്ചിത്രം പുള്ളിക്കാരന് സ്റ്റാറാ, മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം എന്നിവയോട് മത്സരിക്കാനെത്തുന്നത് പൃഥ്വിരാജിന്റെ ആദം ജോണും നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമാണ്. ഓണത്തിനെത്തുന്ന നാല് ചിത്രങ്ങള്‍ക്കും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം ഇന്ന് ഇരുനൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ രചന നിര്‍വഹിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലായ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സലിംകുമാര്‍, സിദ്ദിഖ്, അനൂപ് മേനോന്, വിജയ് ബാബു, അപ്പാനി രവി തുടങ്ങിയവരും വേഷമിടുന്നുണ്ട്. അന്നാ രാജനും പ്രിയങ്കാ നായരുമാണ് നായികമാര്‍. തിരുവനന്തപുരത്ത് ന്യൂ 1, ശ്രീകുമാര്‍, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിലായാണ് വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മൊത്തം 200 ഓളം തീയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
നവാഗതനായ രതീഷ് രവിയുടെ രചനയില്‍ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പുള്ളിക്കാരന് സ്റ്റാറാ നാളെ നൂറ്റിമുപ്പതോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ഇടുക്കിയില്‍ നിന്ന് ലളിതം എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി കൊച്ചിയിലെത്തുന്ന രാജകുമാരന് എന്ന ടീച്ചേഴ്സ് ട്രെയിനറുടെ വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ഹരീഷ് കണാരന്, ദിലീഷ് പോത്തന്, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദീപ്തി സതിയും ആശാ ശരത്തുമാണ് നായികമാര്‍. തിരുവനന്തപുരത്ത് കൈരളി, കലാഭവന്‍, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിലാണ് പുള്ളിക്കാരന് സ്റ്റാറാ റിലീസ് ചെയ്യുന്നത്.
പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം സംവിധായകക്കുപ്പായമണിയുന്ന ആദം ജോണില്‍ ടൈറ്റില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പൃഥ്വിരാജിനോടൊപ്പം നരേന്, രാഹുല്‍ മാധവ്, ഭാവന, മിഷ്ടി ചക്രവര്‍ത്തി എന്നിവരും പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു. എറണാകുളത്തും സ്വിറ്റ്സര്ലന്റിലുമായാണ് ആദം ജോണിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് ശ്രീവിശാഖ്, ന്യൂ 2, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിലാണ് ആദം പ്രദര്‍ശനത്തിനെത്തുന്നത്.
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സംവിധായകന് പ്രേമത്തിലും സഖാവിലും നിവിന്പോളിക്കൊപ്പമഭിനയിച്ച അല്‍ത്താഫ് സലിമാണ്. അല്‍ത്താഫും ജോണ്‍ കോരയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം സിജുവില്‍സണ്‍, കൃഷ്ണശങ്കര്, സ്രിന്‍ഡ, ശാന്തികൃഷ്ണ, അഹാനകൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ, നിള, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിലാണ് ഞണ്ടുകളുടെ റിലീസ്.
Discussion about this post