കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പോലീസ് കോടതിയില്‍. നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
കേസിന്റെ മുന്പോട്ടുള്ള പോക്കിന് നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ അത്യാവശ്യമാണ്. അതിനുശേഷം മാത്രമെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നകാര്യം പറയാനുവുകയുള്ളുവെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആദ്യ ചോദ്യം ചെയ്യലിലെ നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തകേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യുന്നതാനായി പോലീസ് നാദിര്‍ഷായെ വിളിപ്പിച്ചത്. അതിനുശേഷം നെഞ്ച് വേദനയേയും വയറുവേദനയെയും തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപെടുത്തുന്നതായും ഇതില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായും നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ചതിന് അറസ്റ്റ് ചെയ്ത് വിട്ടയച്ച പോലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും. നടപടി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. തെളിവ് നശിപ്പിച്ചു, പ്രതിയെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ പോലീസുകാരനെതിരെ ആരോപിക്കുന്നത്.
Discussion about this post