ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന വി.കെ.ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. പകരം, മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ആയിരിക്കും പാർട്ടിയുടെ ചുമതലകൾ നിർവഹിക്കുക.
ഇനി പാര്‍ട്ടിയ്ക്ക് ജനറല്‍ സെക്രട്ടറി ഉണ്ടാകില്ല. ഒപിഎസ് അധ്യക്ഷനായ ഏകോപനസമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. ജയലളിത നിയമിച്ച ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടരാനും യോഗം തീരുമാനിച്ചു. ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലാണ് യോഗം. തിങ്കളാഴ്ച രാവിലെ മുതല്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാത്രിയിലാണ് യോഗത്തിന് അനുമതി ലഭിച്ചത്.
അതേസമയം, ശശികലയെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പളനിസ്വാമി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എ.മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ടി.ടി.വി. ദിനകരന് മുന്നറിയിപ്പു നല്‍കിയിരുന്നു. എടപ്പാടി-പനീര്‍ശെല്‍വം വിഭാഗങ്ങളുടെ ലയനശേഷം നടന്ന ആദ്യയോഗത്തില്‍ 40 എം.എല്‍.എ.മാര്‍ വിട്ടുനിന്നിരുന്നു. ഓഗസ്റ്റ് പത്തിനുതന്നെ ദിനകരനെ പാര്ട്ടിപദവിയില്നിന്ന് പുറത്താക്കിയിരുന്നുവെന്നും അദ്ദേഹം നടത്തിയ പാര്‍ട്ടിഭാരവാഹികളുടെ നിയമനങ്ങള്‍ മുഴുവന്‍ അസാധുവാക്കുമെന്നും എടപ്പാടി പളനിസ്വാമി ആദ്യ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ശശികലയെ പുറത്താക്കുന്ന കാര്യം ജനറല്‍ കൗണ്‍സിലില്‍ അന്തിമമായി തീരുമാനിക്കുമെന്നറിയിച്ചത്. ശശികല കൈയടക്കിയിരിക്കുന്ന പാര്‍ട്ടി മുഖപത്രം നമതു എം.ജി.ആര്., ജയ ടി.വി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്കൊണ്ടുവരാനും അന്നുചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പളനിസ്വാമി രണ്ടാമതു വിളിച്ചുചേര്‍ത്ത യോഗത്തില്‍ 111 എം.എല്‍.എ.മാര്‍ പങ്കെടുത്തിരുന്നു. തനിക്ക് 22 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നാണ് ദിനകരന് അവകാശപ്പെടുന്നത്. അതേസമയം, ഡി.എം.കെ.യ്ക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 98 എം.എല്‍.എ.മാരുണ്ടെന്ന് സ്റ്റാലിന് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എം.എല്‍.എ.മാരുടെ മൊത്തം കണക്കെടുത്താല്‍ പളനിസ്വാമിക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നും അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചിരുന്നു.
Discussion about this post