കൊച്ചി: 2011-ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ പൾസർ സുനിക്ക് എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. അതേസമയം, മറ്റ് കേസുകൾ ഉള്ളതിനാൽ സുനിക്ക് പുറത്തിറങ്ങാനാവില്ല.
2011-ൽ ജോണി സാഗരിക നിർമിച്ച ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. പഴയകാല നായികയും പ്രശസ്ത നിർമാതാവിന്റെ ഭാര്യയുമായ നടിയെയാണ് സുനിയും സംഘവും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. രാത്രിയിൽ റെയിൽവെ സ്റ്റേഷനിലെത്തിയ നടിയെ ആളുമാറി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ചിത്രത്തിലെ നായികയായ യുവ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ നടി എത്തിയില്ല. തുടർന്നാണ് സംഘത്തിന് അബദ്ധം പറ്റിയത്. വാനിൽ കയറിയ നടിയെ നഗരത്തിലൂടെ സംഘം കറക്കി. സംശയം തോന്നിയ നടി ഭർത്താവിനെയും ചിത്രത്തിന്റെ നിർമാതാവിനേയും വിളിച്ച് വിവരം ധരിപ്പിച്ചു. തുടർന്ന് നടിയെ ഒരു ഹോട്ടലിൽ ഇറക്കിവിട്ട് ശേഷം സംഘം മുങ്ങുകയായിരുന്നു. ഈ കേസിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജോണി സാഗരികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post