ദീപിക പദുകോണ്‍ അഭിനയിച്ച മൈ ചോയ്സ് വീഡിയോയ്ക്കെതിരെ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്തെത്തി. സ്ത്രീയെ ശരീരമായും, വില്പന ചരക്കായും കാണുന്നതാണ് മൈ ചോയ്സ് എന്ന് മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചു.
സ്ത്രീയെ അമ്മയായി കാണുന്നതാണ് ഇന്ത്യയുടെ സംസ്കാരം. എന്നാല്‍ ഇന്ന് അതൊരു പഴയ സങ്കല്പമായി മാറിയിരിക്കുന്നു. ഇപ്പോള്‍ സ്ത്രീ ഒരു ശരീരമാണ്, വില്പന ചരക്കാണ്. അങ്ങനെയാണ് മൈ ചോയിസ് പറയുന്നത്. സുബോധമില്ലാത്തവരാണ് ഇങ്ങനെ പറയുന്നതെന്ന് മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചു.
പാശ്ചാത്യ സംസ്കാരം എന്നിവയെ അനുകരിക്കാനാണ് നമ്മള് ശ്രമിക്കുന്നത്. അതേസമയം പാശ്ചാത്യര്‍ ഇന്ത്യയുടെ പാരമ്പര്യത്തെ പുകഴ്ത്തുന്നു. സ്വന്തം വ്യക്തിത്വാണ് നമ്മള് നഷ്ടപ്പെടുത്തുന്നതെന്നും മുരളി മനോഹര്‍ ജോഷി കുറ്റപ്പെടുത്തി. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ഹെഡ്ഗെവാറിന്റെ 125ാം ജന്മവാര്ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോമി അദാജാനിയ സംവിധാനം ചെയ്ത മൈ ചോയിസ് വീഡിയോയില്‍ പ്രമുഖ അഭിനേത്രി ദീപിക പദുകോണടക്കം 99 സ്ത്രീകളാണ് അഭിനയിച്ചിരിക്കുന്നത്. സ്ത്രീഎന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം, എങ്ങനെ ചിന്തിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ സ്ത്രീയുടെ തെരഞ്ഞെടുപ്പാണെന്നാണ് വീഡിയോ പറയുന്നത്. വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശവും ഉറക്കെ പ്രഖ്യാപിക്കുന്നു. വോഗ് മാസികയുടെ എംപവര്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
വീഡിയോയ്ക്കെതിരെ നടി സോണാക്ഷി സിന്‍ഹയും രംഗത്തെത്തിയിരുന്നു വീഡിയോ നല്ല ഉദ്ദേശത്തോടെ ചിത്രീകരിച്ചതാണ്. എന്നാല്‍ വിവാഹേതര ലൈംഗിക ബന്ധങ്ങളോ ധരിക്കുന്ന വസ്ത്രമോ ഒന്നുമല്ല സ്ത്രീശാക്തീകരണത്തിന്റെ അടിസ്ഥാനം. ജോലിയും വിദ്യാഭ്യാസവുമാണ് സ്ത്രീയുടെ കരുത്ത് നിര്‍ണയിക്കുന്നതെന്നും സോണാക്ഷി അഭിപ്രായപ്പെട്ടു.
വീഡിയോ കാണുക-
Discussion about this post