ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയാന്‍ തീരുമാനം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് സൂചന.മഹാരാഷ്ട്രയിലെ ഘടകകക്ഷിയായ ശിവസേനയ്ക്ക് കൂടുതല്‍ പരിഗണനയും ജമ്മുകശ്മീരിലെ പുതിയ സഖ്യകക്ഷി പിഡിപിക്ക് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യവും നല്‍കിയാകും വിപുലീകരണം.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഈ മാസം 20നു തുടങ്ങുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച തന്നെ അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത. അഞ്ചു കാബിനറ്റ് മന്ത്രിമാര്‍ക്കും എട്ടോ ഒന്‍പതോ സഹമന്ത്രിമാര്‍ക്കും സ്ഥാന ചലനമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെ തന്നെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചു പണിക്ക് പ്രധാനമന്ത്രി തയ്യാറെടുത്തിരുന്നെങ്കിലും ദേശീയ നിര്‍വ്വഹക സമിതി അടക്കമുള്ള കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. മന്ത്രിമാരുടെ കഴിഞ്ഞ 10 മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് അഴിച്ചുപണി സംബന്ധിച്ച തീരുമാനത്തിലെത്തിയത്.
നിലവിലെ മന്ത്രിമാരുടെ പ്രകടനത്തിന് പുറമെ അവരുടെ പ്രായവും അഴിച്ചുപണിക്ക് മാനദണ്ഡമാകും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്തുള്ളയും ചെറു ഇടത്തരം വ്യാവസായ മന്ത്രി കല്‍രാജ് മിശ്രയും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകും. സഹമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വി, രാജീവ് പ്രതാപ് റൂഡി, മനോജ് സിന്‍ഹ എന്നിവര്‍ക്ക് കാബിനറ്റ് പദവി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ ബ്രാഹ്മണ് നേതാവായ കല്‍രാജ് മിശ്രയ്ക്ക് പകരംം ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള ഭൂമിഹാര്‍ നേതാവ് റെയില്‍വെ സഹനമന്ത്രി മനോജ് സിന്‍ഹയ്ക്ക് സ്ഥാനകയറ്റം നല്‍കിയേക്കും. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്ന നജ്മയെ ഗവര്‍ണറാക്കും.
മഹാരാഷ്ട്ര മന്ത്രിസഭയിലേയും കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യത്തില്‍ അതൃപ്തിയുള്ള ശിവസേനയില്‍ നിന്ന് അനന്ദ് റാവു അഡ്സുളോയോ അനില്‍ ദേശായിയോ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പിഡിപിയില്‍ നിന്ന് മുസാഫര്‍ ഹുസൈന് ബെയ്ഗ്, താരിഖ് ഹമീദ് കാരാ തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Discussion about this post