ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കായി അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെത്തി. മസ്ക്കറ്റില്‍ നടക്കുന്ന ക്യൂ.സി.ജിയില്‍ അഫ്ഗാന്-താലിബാന് രാഷ്ട്രീയ ധാരണയ്ക്ക് സാധ്യത തെളിഞ്ഞിരിക്കെ അജിത് ഡോവലിന്റെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
അഫ്ഗാനിസ്ഥാനില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് താലിബാനുമായി സഹകരണം വേണമെന്ന അമേരിക്കന്‍ നിലപാടിനെ തുടര്‍ന്നാണ് ക്യൂഎസ്ജി യോഗം ചേരുന്നത്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ചൈന, അമേരിക്ക എന്നി രാജ്യങ്ങളിലെ പ്രതിനിധികളാണ് മസ്ക്കറ്റില്‍ ചര്‍ച്ച നടത്തുക. ക്യുഎസ്ജിയില് ഇന്ത്യ ഭാഗമല്ല.
അഫ്ഗാനിസ്ഥാനെ കയ്യയച്ച് സഹായിക്കുന്ന നിലപാടാണ് ഇന്ത്യയുടേത്. ഭീകരതയ്ക്കെതിരായി പോരാട്ടങ്ങളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന് മികച്ച പിന്തുണയാണ് ഇതിന് പകരമായി നല്‍കുന്നത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അഫ്ഗാന്റെ മികച്ച സുഹൃത്താണ് ഇന്ത്യ. നിര്‍ണായക ഘട്ടങ്ങളില്‍ എല്ലാ പിന്തുണയും ഇന്ത്യ അവര്‍ക്ക് നല്‍കുന്നുണ്ട്. അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലുകളാണ് ഇന്ത്യ-അഫ്ഗാന് ബന്ധം ഊഷ്മളമായതിന് പിന്നില്‍. വിദേശബന്ധം ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ഉപദേശം അഫ്ഗാനിസ്ഥാന് സ്വീകരിക്കാറുണ്ട്.
താലിബാനുമായുള്ള സഹകരണം ഏത് തലത്തില്‍ എന്ന കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് അഫ്ഗാനിസ്ഥാന് ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അജിത് ഡോവലിന്റെ അഫ്ഗാന് സന്ദര്‍ശനം പാക്കിസ്ഥാനും, താലിബാനും ഏറെ ഉത്കണ്ഠയുളവാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
Discussion about this post